രാജാക്കാട്: ഹൈറേഞ്ചിന്റെ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന രാജാക്കാട് യുവഭാവന കോളേജിൽ 1982- 84 ബാച്ചിൽ പ്രീഡിഗ്രിക്ക് തേർഡ്, ഫോർത്ത് ഗ്രൂപ്പുകളിലായി പഠിച്ച വിദ്യാർത്ഥികൾ 39 വർഷങ്ങൾക്ക് ശേഷം അദ്ധ്യാപകർക്കൊപ്പം ഒത്തുചേർന്നു. ആദ്യത്തെ ഒത്തുചേരൽ കഴിഞ്ഞ വർഷം ഡിസംബറിൽ കോളേജ് അന്ന് പ്രവർത്തിപ്പിച്ചിരുന്ന എസ്.എൻ.ഡി.പി ഹാളിൽ നടത്തിയിരുന്നു. അന്ന് കണ്ടെത്താൻ സാധിക്കാതിരുന്ന കൂട്ടുകാരേയും കൂട്ടിയാണ് ഈ വർഷം മുല്ലക്കാനം സാൻജോ കോളേജിൽ സംഗമം നടത്തിയത്. പ്രീഡിഗ്രി പഠനം പൂർത്തിയാക്കി പിരിഞ്ഞ് 39 വർഷങ്ങൾക്ക് ശേഷം ആദ്യമായി എത്തിയവരും സംഗമത്തിലുണ്ടായിരുന്നു. പഴയകാല കഥകൾ പലരും പറഞ്ഞും കെട്ടിപിടിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ സഹപാഠികളോടുള്ള സ്നേഹം പങ്കുവച്ചത്. കൃഷിക്കാർ, ബിസിനസുകാർ, സ്വകാര്യ- സർക്കാർ ജീവനക്കാർ, വൈദികർ, കന്യാസ്ത്രിമാർ അടക്കമുള്ളവർ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചു. വൈകിട്ട് മൂന്നിന് അവസാനിപ്പിക്കാൻ തീരുമാനിച്ച പരിപാടി അഞ്ചിനാണ് സമാപിപ്പിക്കനായത്. കൂട്ടായ്മ പ്രസിഡന്റ് ബേബി മാത്യു അദ്ധ്യക്ഷത വഹിച്ചു. കോ- ഓഡിനേറ്റർ ഫാ. ജെയിംസ് നിരവത്ത് ആമുഖ പ്രഭാഷണം നടത്തി. സ്ഥാപക മാനേജർ കെ.ടി. ബാലൻ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി സി.ഡി. സുരേഷ് സ്വാഗതവും വി.ബി. സന്തോഷ്കുമാർ നന്ദിയും അർപ്പിച്ചു. അദ്ധ്യപകരായിരുന്ന വി.എൻ. രാജപ്പൻ, വി.കെ. ബാബു, എ. സോമൻ, പി.എം. ജോസഫ്, ഇ.കെ. രവി, ജോസഫ് കുത്തുകുഴി എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത അദ്ധ്യാപകരെ ആദരിച്ചു. അദ്ധ്യാപകർക്കും മജിസ്ട്രേറ്റായി ജോലി ചെയ്യുന്ന വരദ സുരേന്ദ്രൻ, സ്കൂൾ ജില്ലാ കായിക താരം ആൻമരിയ ടി. ടൈറ്റസ് എന്നിവർക്കും മൊമെന്റോ നൽകി ആദരിച്ചു. കെ.ആർ. വിജയൻ, ടൈറ്റസ് ജേക്കബ്ബ്, സുഹാസിനി സുരേന്ദ്രൻ, സുഷമ, കെ.സി. സുജാത, സി.ആർ. ഷാജി, പി.ടി. ബാബു, എം.കെ. സുജ എന്നിവർ നേതൃത്വം നൽകി.