കട്ടപ്പന: സഹകരണ ആശുപത്രി രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള ഓഹരിനിക്ഷേപ സമാഹരണവും പുതുവത്സരാഘോഷവും ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷനാകും. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം 250 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയുടെ നിർമ്മാണത്തിനും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുമാണ് ഓഹരിയും നിക്ഷേപവും സമാഹരിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ സഹകരണ ആശുപത്രി ജീവനക്കാരുടെയും നഴ്‌സിങ് വിദ്യാർത്ഥികളുടെയും പുതുവത്സര റാലി നടക്കും. തുടർന്ന് സിനിമാറ്റിക് ഡാൻസ്, പുതുവത്സര ഗാനങ്ങൾ, റീൽസ്, ഫാഷൻ ഷോ എന്നിവ അരങ്ങേറും. ചടങ്ങിൽ സഹകരണ ആശുപത്രിയുടെ ആദ്യകാല ഡയറക്ടർമാരെ ആദരിക്കും. ഹൈറേഞ്ചിന്റെ ആതുരശുശ്രൂഷാ രംഗത്ത് 13 വർഷം സേവനം നടത്തിയാണ് സഹകരണ ആശുപത്രി അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. തങ്കമണി, കട്ടപ്പന, ചേറ്റുകുഴി, ബഥേൽ, വണ്ടിപ്പെരിയാർ, ഉപ്പുതറ, മേരികുളം, എന്നിവിടങ്ങളിൽ ആശുപത്രികൾ, തണൽ പാലിയേറ്റിവ് സെന്റർ, സിംസ് സ്‌കൂൾ ഓഫ് നേഴ്‌സിങ്, സിംസ് പാരാമെഡിക്കൽ കോളേജ്, നീതി മെഡിക്കൽ സ്‌റോറുകൾ, നീതി മെഡിക്കൽ ലാബുകൾ തുടങ്ങിയവ പ്രവർത്തിയ്ക്കുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി പൂർത്തിയാകുന്നതോടെ മലയോരമേഖല ആരോഗ്യരംഗത്ത് സ്വയംപര്യാപ്തതയിലെത്തുമെന്ന് ആശുപത്രി പ്രസിഡന്റ് കെ.യു. വിനു, വൈസ് പ്രസിഡന്റ് കെ.പി. സുമോദ്, ആശുപത്രി സൊസൈറ്റി സെക്രട്ടറി ആൽബിൻ ഫ്രാൻസിസ്, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ജെസ്റ്റിൻ ബേബി, ലാൽജി ജോസഫ് എന്നിവർ പറഞ്ഞു.