ഇടുക്കി: ജില്ലയിൽ പുതുവത്സരത്തോടനുബന്ധിച്ച് പ്രത്യേക സുരക്ഷാ മുൻകരുതലുകളുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന നിരീക്ഷണ സംവിധാനങ്ങൾ ജില്ലയിലുടനീളം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു. ലഹരി ഉപയോഗം, അപകടകരമായ ഡ്രൈവിംഗ്, ഓഫ് റോഡ് ട്രക്കിംഗ്, സാഹസിക വിനോദമേഖലകൾ എന്നിവയിലാണ് സംയുക്ത പരിശോധനകളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തുന്നത്. ജില്ലാ പൊലീസ് മേധാവി, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ, വൈൽഡ് ലൈഫ് വാർഡൻമാർ തുടങ്ങിയവർക്കാണ് കളക്ടർ നിർദേശം നൽകിയത്.
മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത, അപകടകരമായ ഡ്രൈവിംഗ് എന്നിവ പരിശോധിക്കുന്നതിനും റോഡുകളിൽ നിയമലംഘനങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താനുമായി കൂടുതൽ ടീമുകളെ നിയോഗിക്കും. പുതുവർഷത്തോടനുബന്ധിച്ച് അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ ആവശ്യമായ ചെയിൻ പട്രോളിങ്, പരിശോധന എന്നിവ നടത്തും. പ്രധാന വിനോദസഞ്ചാര മേഖലകളുൾപ്പടെയുള്ള സ്ഥലങ്ങളിൽ ലഹരി ഉപയോഗ പരിശോധന നടത്തും. ലഹരി ഉപയോഗസാദ്ധ്യതയുള്ള കേന്ദ്രങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യമായ മുന്നൊരുക്കം നടത്തും. വനമേഖലയോടടുത്ത് സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ക്യാമ്പുകൾ, ആഘോഷപരിപാടികൾ, ട്രക്കിംഗ് എന്നിവ സംഘടിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഈ സ്ഥലങ്ങളിൽ നിയമലംഘനം ഒഴിവാക്കാൻ കർശന പരിശോധനകളും നിയമനടപടികളും ഉണ്ടാകും.