ഇടുക്കി: നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണം അതത് വകുപ്പുകൾ കൃത്യമായി അവലോകനം ചെയ്യുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും വേണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. ഡീൻ കുര്യാക്കോസ് എം.പി, എ. രാജ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ട്രൈബൽ പ്ലസ് പദ്ധതിയിലുൾപ്പെടുത്തി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 200 തൊഴിൽ ദിനം ഉറപ്പാക്കണം. ആധാർ അപ്‌ഡേഷൻ നൂറുശതമാനം പൂർത്തീകരിക്കാൻ ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളുടെയും ഒരുക്കങ്ങൾ സംബന്ധിച്ച യോഗം ജനുവരി മൂന്നിന് ചേരുമെന്ന് കളക്ടർ യോഗത്തിൽ അറിയിച്ചു. തൊടുപുഴ മോർ ജംഗ്ഷൻ സമീപം പരിപൂർണ ഗതാഗത സംവിധാനം ഏർപ്പെടുത്തുന്നതിനായി അഞ്ച് കോടി രൂപയുടെ പ്രെപോസൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് എക്‌സിക്യൂട്ടിവ് എൻജിനിയർ പൊതുമരാമത്തു നിരത്തു വിഭാഗം അറിയിച്ചു. കാലാവസ്ഥ അനുസരിച്ച് ഇടമലക്കുടിയിലെ റോഡ് നിർമാണം, ബി.എസ്.എൻ.എൽ കണക്ഷൻ നൽകൽ തുടങ്ങിയ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. മൂന്നാറിലെ പാർക്കിങ്, വന്യജീവികളുടെ ആക്രമണം, എം.എൽ.എ ഫണ്ട് നൽകി നിർമ്മിച്ചിട്ടുള്ള പദ്ധതികളുടെ പുനരുദ്ധാരണം, ട്രക്കിങ്, പട്ടയം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. യോഗത്തിൽ സബ് കളക്ടർ ഡോ. അരുൺ എസ്. നായർ, എ.ഡി.എം ഷൈജു പി. ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസർ ദീപ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.