തൊടുപുഴ: താരതമ്യേന പ്രകൃതി ദുരന്തവും നാശനഷ്ടങ്ങളും ദുരിതങ്ങളും കുറഞ്ഞ വർഷമായിരുന്നു 2023. നിരന്തര ശല്യമായിരുന്ന അരിക്കൊമ്പനെ നാടുകടത്തിയത് മുതൽ ജില്ലയിലെ എക്കാലത്തെയും തലവേദനയായിരുന്ന ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഭൂപതിവ് ഭേദഗതി നിയമസഭ പാസാക്കിയത് വരെയുള്ള ആശ്വാസം നൽകുന്ന നിരവധി കാര്യങ്ങൾ നടന്ന വർഷം കൂടിയാണ് പടിയിറങ്ങുന്നത്.

 ഒരു അരിക്കൊമ്പനും ഒന്നൊന്നര മിഷനും

ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെക്കുറിച്ചുള്ള വാർത്തകളാണ് 2023ലെ മാദ്ധ്യമങ്ങളിലേറെയും ഇടംപിടിച്ചത്. അരിക്കൊമ്പൻ എന്ന കാട്ടാനയെ വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടിത് കഴിഞ്ഞ ഏപ്രിൽ 29നാണ്. നിരവധി പ്രതിസന്ധികൾ അതിജീവിച്ചും നിയമപോരാട്ടങ്ങൾ മറികടന്നുമാണ് ആനയെ പിടികൂടിയത്. അഞ്ച് റൗണ്ട് മയക്കുവെടി വെച്ചാണ് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ കീഴ്‌പ്പെപ്പെടുത്തിയത്. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ വളഞ്ഞു പിടിച്ച് ലോറിയിൽ കയറ്റുകയായിരുന്നു. പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കമ്പം നഗരത്തിലിറങ്ങി ഭീതി വിതച്ചതോടെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടിച്ചു. ജൂൺ അഞ്ചിനായിരുന്നു സംഭവം. കടുവാ സങ്കേതത്തിൽ നിന്ന് പുറത്തു കടന്ന് കമ്പം നഗരത്തെയും പരിസര പ്രദേശങ്ങളേയും മണിക്കൂറുകളോളം മുൾമുനയിൽ നിറുത്തിയ ശേഷം ആറ് ദിവസത്തോളമായി തമിഴ്‌നാട് ഉൾവനത്തിൽ കഴിഞ്ഞ അരിക്കൊമ്പനെ ചിന്നഓവുലപുരം ഭാഗത്ത് നിന്നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് അരിക്കൊമ്പനെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു.

 ഇനി ഇമ്മിണി വല്യ ഇടുക്കി

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയേത് എന്ന പി.എസ്.സി ചോദ്യത്തിനുള്ള ശരിയായ ഉത്തരം ഇനി പാലക്കാടല്ല, അത് ഇടുക്കിയാണ്. പാലക്കാടിനെ പിന്തള്ളി സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയെന്ന പദവി വീണ്ടും ഇടുക്കിയ്ക്ക് കിട്ടിയത് 2023ലാണ്. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വല്ലേജിന്റെ ഭാഗമായ 12718.5095 ഹെക്ടർ സ്ഥലം ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടച്ചേർത്ത തോടെയാണ് സംസ്ഥാനത്തെ വലിപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചത്. ഭരണ സൗകര്യത്തിനായാണ് ഈ മാറ്റം. ഇതോടെ ഇടുക്കിയുടെ ആകെ വിസ്തീർണം 448504.64 ഹെക്ടറിൽ നിന്ന് 461223.1495 ആയി ഉയർന്നു. 1997ന് മുമ്പ് ഇടുക്കി തന്നെയായിരുന്നു വലിപ്പത്തിൽ വമ്പൻ. എന്നാൽ 1997 ജനുവരി ഒന്നിനു ദേവികുളം താലൂക്കിൽ നിന്ന് കുട്ടമ്പുഴ വല്ലേജ് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കലേക്ക് ചേർത്തു. ഇതോടെ ഇടുക്കിയുടെ വലുപ്പം കുറഞ്ഞ് രണ്ടാം സ്ഥാനത്തായി. അതുവരെ രണ്ടാമതായിരുന്ന പാലക്കാട് ഒന്നാമതുമെത്തി. ഇടുക്കിയുടെ വിസ്തീർണം കൂടുന്നതനുസരിച്ച് ജനസംഖ്യയിലും ഏകദേശം 2500 പേരുടെ വർദ്ധനവുണ്ടാകും.

 ഭൂപതിവ് നിയമ ഭേദഗതി നിയമസഭ പാസാക്കി

പട്ടയഭൂമി കൃഷിയ്ക്കും വീട് നിർമിക്കാനുമല്ലാതെ ഉപയോഗിക്കാൻ പാടില്ലെന്ന 1960ലെ ഭൂപതിവ് നിയമം സംസ്ഥാന നിയമസഭ ഭേദഗതി ചെയ്ത ചരിത്രപരമായ തീരുമാനമെടുത്തത് ഈ വർഷമാണ്. സെപ്തംബർ 14ന് നിയമസഭ ഐക്യകണ്ഠേന പാസാക്കിയ ബില്ല് ഗവർണർ ഇതുവരെയും ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ല. നിയമമായാൽ 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും. ഇതോടെ ജില്ലയിലെ ഭൂ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമായേക്കും.

 ഏഷ്യയിലെ നീളമേറിയ ചില്ലുപാലം വാഗമണ്ണിൽ

കാന്റിലിവർ മാതൃകയിലുള്ള ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം വാഗമണ്ണിൽ തുറന്നു നൽകിയത് സെപ്തംബർ ഒമ്പതിനാണ്. വാഗമൺ സാഹസിക വിനോദ പാർക്കിൽ ഭാരത് മാതാ വെഞ്ചേഴ്‌സ് നിർമ്മിച്ച ചില്ലുപാലം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് സഞ്ചാരികൾക്ക് തുറന്നുനൽകിയത്. 40 മീറ്ററാണ് പാലത്തിന്റെ നീളം. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് ചെലവായത്. ഒരേ സമയം 15 പേർക്കാണ് പ്രവേശനം. അഞ്ചു മുതൽ പത്ത് മിനുറ്റ് വരെ പാലത്തിൽ ചെലവഴിക്കാം. പാലത്തിൽ കയറി നിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ ആസ്വദിക്കാം.

 ചരിത്രമായി തേക്കടി മന്ത്രിസഭായോഗം

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിൽ പര്യടനം നടത്തുന്നതിനിടെ ഡിസംബർ 12ന് തേക്കടി ബാംബുഗ്രോയിൽ മന്ത്രിസഭാ യോഗം ചേർന്നത് ചരിത്രസംഭവമായി.

 പെൻഷനില്ല,​ പിച്ച ചട്ടിയെടുത്ത് വയോധികർ

സർക്കാരിന്റെ ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് പിച്ചച്ചട്ടിയെടുത്ത് അടിമാലി 200 ഏക്കർ പൊന്നടത്തുപാറ മറിയക്കുട്ടിയും സുഹൃത്ത് അന്നയും നടത്തിയ സമരം ശ്രദ്ധേയമായി. അഞ്ചു മാസമായി ക്ഷേമ പെൻഷൻ ലഭിക്കാതിരുന്നതോടെയാണ് നവംബർ ഏഴിന് ഇരുവരും വ്യത്യസ്ത സമരവുമായി അടിമാലി ടൗണിലിറങ്ങിയത്. മറിയക്കുട്ടിയുടെ സർക്കാരിനെതിരായ വിമർശനങ്ങളും കേരളീയ ശ്രദ്ധ പിടിച്ചുപറ്റി. മറിയക്കുട്ടിയെ തങ്ങളുടെ കൂടെ ചേർക്കാൻ കോൺഗ്രസും ബി.ജെ.പിയും മത്സരിക്കുന്നതും കണ്ടു.

 എ. രാജയുടെ അയോഗ്യത

എ. രാജ എം.എൽ.എ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിച്ചതെന്ന എതിർ സ്ഥാനാർത്ഥി കോൺഗ്രസിന്റെ ഡി. കുമാറിന്റെ ഹർജിയെ തുടർന്ന് സുപ്രീം കോടതി ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. രാജ ക്രിസ്തുമത വിശ്വാസിയാണെന്നും സംവരണത്തിന് അർഹതയില്ലെന്നുമുള്ള ഡി. കുമാറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ രാജ അപ്പീൽ നൽകി. അന്തിമ തീരുമാനം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

 ഇടുക്കി ഡാമിൽ സുരക്ഷാ വീഴ്ച

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാമിൽ അതിക്രമിച്ച് കയറി ഹൈമാസ്റ്റ് ലൈറ്റുകളുടെ കീഴിൽ താഴിട്ട് പൂട്ടുകയും ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ ദ്രാവകമൊഴിക്കുകയും ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടിയ്ക്കാനായിട്ടില്ല. ജൂലായ് 22ന് ഉച്ചക്ക് 3.15നായിരുന്നു സംഭവം. പ്രതിയുടെ ഒറ്റപാലത്തെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാൾ സംഭവത്തിന് ശേഷം വിദേശത്തേക്ക് ജോലിക്ക് പോയതിനെ തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ ഒപ്പം വന്ന മൂന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്‌തെങ്കിലും കുറ്റക്കാരല്ലെന്ന് കണ്ടതിനെ തുടർന്ന് വിട്ടയച്ചു. തുടർന്ന് സെപ്തംബർ 11 മുതൽ ഡിസംബർ 19 വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

 വണ്ടിപ്പെരിയാറിൽ ആരുടെ 'വിധി"

വണ്ടിപ്പെരിയാർ ചുരക്കുളത്ത് ആറ് വയസ്‌കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതിയായിരുന്ന യുവാവിനെ കട്ടപ്പന അതിവേഗ കോടതി ഡിസംബർ 14ന് പ്രതിയെ വെറുതെ വിട്ട വിധി കേരളമാകെ ഞെട്ടലോടെയാണ് കേട്ടത്.
അപ്രതീക്ഷിത വിധിയിൽ കുട്ടിയുടെ കുടുംബാംഗങ്ങൾ കോടതി വളപ്പിൽ കണ്ണീരോടെ പ്രതിഷേധിച്ചത് വൈകാരിക കാഴ്ചകളായി. പ്രോസിക്യൂഷനും പൊലീസിനുമുണ്ടായ വീഴ്ച വിധിയിൽ പരാമർശിച്ചതിനെ തുടർന്ന് സർക്കാരിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്ത് നടപടികൽ നടന്നുവരികയാണ്.

 വൈദ്യുതി ബിൽ പത്തിരട്ടി

പതിവായി ശരാശരി 2000- 2500 രൂപാവരെ വൈദ്യുതി ബിൽ ഒടുക്കിയിരുന്ന തൊടുപുഴക്കാർ കെ.എസ്.ഇ.ബി നൽകിയ പുതിയ ബില്ലു കണ്ട് ഞെട്ടി! പത്തുമടങ്ങിലേറെ വർദ്ധന വരുത്തി 30,000 മുതൽ 60,000 രൂപ വരെ അടയ്ക്കാൻ നിർദ്ദേശം. തൊടുപുഴ സെക്ഷൻ- 1 ഓഫീസാണ് ഉപഭോക്താക്കളെ വീണ്ടും ഷോക്കടിപ്പിച്ചത്. തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാർഡുകളിലും മണക്കാട്, കുമാരമംഗലം പഞ്ചായത്തിലെ പ്രദേശങ്ങളിലും മെയിലും ജൂലായിലും ഇതായിരുന്നു അവസ്ഥ. മുമ്പ് മീറ്റർ റീഡിങ് എടുത്തിരുന്ന താത്കാലിക ജീവനക്കാരൻ റീഡിങ്ങിൽ ക്രമക്കേട് കാണിച്ചിരുന്നെന്നും അന്നത്തെ കുടിശികയാണ് ഈ മാസങ്ങളിലെ ബില്ലിൽ വന്നതെന്നായിരുന്നു കെ.എസ്.ഇ.ബി.യുടെ വിശദീകരണം. സംഭവത്തിൽ റീഡിങ്ങെടുത്ത തൊഴിലാളി പിരിച്ചുവിടുകയും ഏഴ് ഉദ്യോഗസ്ഥരെ പലപ്പോഴായി സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. എങ്കിലും അമിതമായി വന്ന ബിൽ തുക അടയ്ക്കുന്ന കാര്യത്തിൽ കെ.എസ്.ഇ.ബി.യും ഉപഭോക്താക്കളുമായുള്ള തർക്കം നീണ്ടു പോയി. വൈദ്യുതി കണക്ഷൻ വിഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ഒടുവിൽ വർദ്ധനവുണ്ടായ മാസത്തെ ബിൽ തുക 24 ഗഡുക്കളായി അടച്ചാൽ മതിയെന്നും പലിശ ഈടാക്കില്ലെന്നുമുള്ള ഉറപ്പിൻമേൽ പ്രശ്‌നം തത്ക്കാലം പരിഹരിച്ചു.