water
എം.വി.ഐ.പി കനാലിലൂടെ വെള്ളം കടത്തിവിട്ടപ്പോൾ

തൊടുപുഴ: മലങ്കര അണക്കെട്ടിൽ നിന്ന് കനാലുകളിലൂടെ വെള്ളം തുറന്ന് വിടാൻ ആരംഭിച്ചു. ഇന്നലെ രാവിലെയാണ് കനാലുകൾ തുറന്നത്. കനാലിലൂടെ വെള്ളം കടത്തി വിടുന്നതിന് വേണ്ടി വെള്ളിയാഴ്ച രാവിലെ മുതൽ മലങ്കര ഡാമിൽ ജലനിരപ്പ് ഉയർത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഒന്നര മാസക്കാലമായിട്ട് അണക്കെട്ടിൽ ജലനിരപ്പ് 36 മീറ്ററായി താഴ്ത്തിയിരുന്നു. തുടർന്ന് അണക്കെട്ടിൽ നിന്നുള്ള ഇടത്, വലത് കനാലുകളിലൂടെ വെള്ളം കടത്തി വിടാൻ കഴിയാത്ത അവസ്ഥയായി. കനാൽ കടന്ന് പോകുന്ന പ്രദേശങ്ങളിലെ 26 ലധികം തദ്ദേശ സ്ഥാപനങ്ങളിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്. ജനങ്ങൾ കുടിവെള്ളത്തിന് വേണ്ടി പരക്കം പായുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയിരുന്നത്. കൂടാതെ പ്രദേശത്തെ കാർഷിക മേഖലയെയും പ്രശ്‌നം അതിരൂക്ഷമായി ബാധിച്ചിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദിയടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മലങ്കര അണക്കെട്ടിൽ ജലനിരപ്പ് 39 മീറ്ററായി ഉയർത്താൻ എം.വി.ഐ.പി, കെ.എസ്.ഇ.ബി അധികൃതർ അടിയന്തരമായി ഇടപെട്ടത്. കനാലിലൂടെ വെള്ളം കടത്തി വിടാൻ അണക്കെട്ടിലെ ആറ് ഷട്ടറുകളും പൂർണ്ണമായും താഴ്ത്തിയിട്ടുണ്ട്. തുടർന്ന് തൊടുപുഴ ആറ്റിൽ നീരൊഴുക്ക് താഴ്ന്ന അവസ്ഥയാണ്.