അടിമാലി: ഒന്നരകോടി രൂപക്ക് റിസോർട്ട് വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു
വ്യവസായിയിൽ നിന്ന് 8 ലക്ഷം രൂപ കവർന്ന രണ്ടംഗ സംഘം പിടിയിലായി. ആനച്ചാൽ മന്നാക്കുടി സ്വദേശികളായ പാറയ്ക്കൽ ശിഹാബ് (41), പിണങ്ങോട്ടിൽ ഷിബു (39) എന്നിവരാണ് പിടിയിലായത്. ദുബായിൽ ബിസിനസ് നടത്തുന്ന കൊല്ലം സ്വദേശി മനു ബാഹുലേയനാണ് തട്ടിപ്പിനിരയായത്. മനുവിന്റെ ഉടമസ്ഥതയിൽ കോവിൽകടവിൽ റിസോർട്ട് നടത്തി വരികയായിരുന്നു. അവിടെ മീൻ കച്ചവടത്തിനു വന്നാണ് ശിഹാബ് മനുവിനെ പരിചയപെടുന്നത്. മറയൂരിൽ സി.എസ്.ഐ ചർച്ചിന്റെ കീഴിലുള്ള റിസോർട്ട് ഒന്നരകോടി രൂപയ്ക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു മനുവിനെ പള്ളിവാസലിലുള്ള സി.എസ്.ഐ ചർച്ചിലേക്ക് ശിഹാബ് വിളിച്ചു വരുത്തി. ശിഹാബിന്റെ കൂടെ ചർച്ചിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ഷിബു മനുവിനെ പരിചയപെടുത്തുന്നത്. പള്ളിയിലേക്ക് നടക്കുന്നതിനിടയിൽ മനുവിന്റെ കൈയിൽ നിന്ന് ഇരുവരും പണം തട്ടി പറിച്ചു ടീ പ്ലാന്റെഷനിലേക്ക് ഓടുകയായിരുന്നു. തുടർന്ന് മനു മൂന്നാർ സ്റ്റേഷനിൽ പരാതി നൽകി. രണ്ട് പേരെയും ഉദുമൽപേട്ടയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടികൂടുമ്പോൾ പ്രതികളിൽ നിന്ന് 39000 രൂപയും തുടർന്ന് വീട് പരിശോധിച്ചപ്പോൾ 4 ലക്ഷം രൂപയും പൊലിസ് കണ്ടെടുത്തു. രണ്ടു പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.