vijilence

കുമളി: കേരള -തമിഴ്‌നാട് അതിർത്തിയിലെ കുമളി ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.ഓഫീസ് സമൂച്ചയത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം വിജിലൻസ് പിടിച്ചെടുത്തു.എക്‌സൈസ്, ലൈവ്‌സ്റ്റോക്ക്, മോട്ടോർ വാഹന വകുപ്പ്, ജി .എസ് . ടി .എൻഫോഴ്‌സ്‌മെന്റ് എന്നീ വകുപ്പുകളുടെ കുമളി ചെക്ക് പോസ്റ്റിലെ ഓഫീസ് സമൂച്ചയത്തിലാണ് ഇന്നലെ പുലർച്ചെ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി.


തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനത്തിൽ അയ്യപ്പ ഭക്തരുടെ വേഷത്തിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ 1000 രൂപ കൈക്കൂലിയായി വാങ്ങി.തുടർന്ന് കൂടുതൽ വിജിലൻസ് സംഘമെത്തി ഓഫീസ് സമുച്ചയം അരിച്ചു പെറുക്കി പരിശോധന നടത്തി.ഉപേക്ഷിച്ച നിലയിലായിരുന്ന പ്രിന്ററിന്റെ ഉള്ളിലും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചിരുന്ന 8000 ലധികം രൂപ വിജിലൻസ് കണ്ടെടുത്തു.ചെക്ക് പോസ്റ്റ്​ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർ താമസിക്കുന്ന ലോഡ്ജിലും പരിശോധന നടത്തി.പിടിച്ചെടുത്ത പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല.

ഓൺലൈൻ പെർമിറ്റ് എടുത്തു വരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങളിൽ നിന്ന് വാങ്ങിയ പണമാണ് കണ്ടെത്തിയതെന്നാണ് വിജിലൻസ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലും അനധികൃതമായി സൂക്ഷിച്ചിരുന്ന പണം വിജിലൻസ് സംഘം പിടികൂടിയിരുന്നു.വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബൂറോ ഇടുക്കി ഡിവൈ. എസ്. പി ഷാജു ജോസ് , ഇൻസ്‌പെക്ടർ ഫിലിപ്പ് സാം, എസ് .ഐ മാരായ പ്രമോദ് റ്റി. ആർ, ഡാനിയേൽ സി.ജി,, സ്‌ക്വാഡ് അംഗങ്ങളായ ബേസിൽ പി.ഐസക്ക്,അഭിലാഷ് കെ.ആർ ,അരുൺ രാമകൃഷ്ണൻ ,അജയ്‌ഘോഷ്, എം.എസ് രാജീവ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.