തൊടുപുഴ: കോളിളക്കം സൃഷ്ടിച്ച അണക്കര നാഗരാജിന്റെ കൊലപാതക കേസിൽ നാഗരാജിന്റെഭാര്യ ചന്ദ്ര മകൻ ബാലമുരുകൻ എന്നിവരെ വെറുതേവിട്ടു കൊണ്ട് തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജ് മഹേഷ്.ജി ഉത്തരവായി.
2018 ജൂലായ് 20 രാത്രി 9.ന് വീട്ടിൽ വന്ന് മദ്യപിച്ച് ബഹളം വെച്ച നാഗരാജിനെ കാപ്പി പത്തൽ കൊണ്ട് അടിച്ചും, കവാത്ത് കത്തികൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത് വണ്ടൻമേട് സി ഐ ബി.ഹരികുമാർ ആണ്
20ന് വീടിനടുത്തുള്ള കുഴിയിൽ അച്ഛൻ നാഗരാജൻ മരിച്ച് കിടക്കുന്നതായി കണ്ടുവെന്നും അച്ഛൻ സ്ഥിരം മദ്യപാനിയാണെന്നും, അമിതമായി മദ്യപിച്ചതിലും കഞ്ചാവുപയോഗിച്ചതിലും കുഴിയിൽ വീണ് കഴിയിലെ വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടി മരണപെട്ടതാവാം എന്ന് പറഞ്ഞ് വണ്ടന്മേട് പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നാഗരാജിന്റെ ദേഹത്ത് അടിയുടെയും വെട്ടിന്റെയും പാടുകൾ കണ്ടതിനെ തുടർന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ കാര്യങ്ങൾ വെളിപ്പെട്ടത്. കേസിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ അടക്കം 13 സാക്ഷികളെ വിസ്മരിക്കുകയും 18 രേഖകളും, വെട്ടിയ കത്തിയും കാപ്പി പത്തലുമടക്കം 5 തൊണ്ടിസാധനങ്ങളും തെളിവിലായി സ്വീകരിക്കുകയുമുണ്ടായി. പ്രതികൾക്കെതിരെയുള്ള സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നു കണ്ടെത്തിയാണ് പ്രതികളെ വെറുതെവിട്ടുകൊണ്ട് ഉത്തരവായത്. പ്രതികൾക്കുവേണ്ടി അഡ്വക്കറ്റുമാരായ സാബു ജേക്കബ്, ടി.എ സന്തോഷ്, മനേഷ് പി. കുമാർ, ശ്വേതാ പി.എസ്, ഡെൽവിൻ പൂവത്തിങ്കൻ എന്നിവർ ഹാജരായി.