police

ഇടുക്കി: പൊലീസിനെ സഹായിച്ച വയോധികനെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 15,000 രൂപ കൈക്കൂലി വാങ്ങിയ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌​പെൻഷൻ.
പെരുവന്താനം സ്റ്റേഷനിലെ ഗ്രേഡ് എസ്‌.​ഐമാരായ സാലി പി. ബഷീർ, പി.എച്ച്. ഹനീഷ്, ഗ്രേഡ് എ.എസ്‌​.ഐ ബിജു പി. ജോർജ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐ.ജി പുട്ട വിമലാദിത്യ സസ്‌​പെൻഡ് ചെയ്തത്.
പെരുവന്താനം മുക്കുഴി സ്വദേശിയായ ശ്രീധരനെയാണ് ഭീഷണിപ്പെടുത്തിയത്. മുണ്ടക്കയം സ്‌​റ്റേഷനിലെ പൊലീസുകാരന്റെ ഭാര്യാ പിതാവാണ് ശ്രീധരൻ. ഇതേ സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ശ്രീധരൻ സഹായിച്ചിരുന്നു. ഏറെക്കാലമായി വാറണ്ടായ പ്രതി അടുത്ത് താമസിക്കുന്നുണ്ടെന്ന് ശ്രീധരൻ മരുമകൻ വഴി പൊലീസിനെ അറിയിച്ചു. പൊലീസെത്തി പിടികൂടുകയും ചെയ്തു. പിന്നാലെ, പ്രതിയുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ ശ്രീധരനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു.
ശ്രീധരന്റെ പരാതിയിൽ നവംബർ 29ന് പെരുവന്താനം പൊലീസ് കേസ് എടുത്തു. പീഡിപ്പിച്ചെന്ന് പറഞ്ഞ് രണ്ട് ദിവസത്തിനുശേഷം സ്ത്രീ പരാതിയുമായെത്തി. ഉദ്യോഗസ്ഥർ മാനഭംഗ കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ശ്രീധരനിൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങിയശേഷം പരാതി ഒത്തുതീർപ്പാക്കി. സ്ത്രീ നൽകിയ 2000 രൂപയും പൊലീസുകാർ സ്വീകരിച്ചു.
സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിശദമായ അന്വേഷണം നടത്തി സ്വീകരിക്കേണ്ട ശിക്ഷാ നടപടികൾ റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.