
കുമളി: വഴിയോരത്തെ മാലിന്യ നിക്ഷേപം ഒഴിവാക്കാൻ പൂന്തോട്ടവും ബസ്സ് കാത്തിരിപ്പ് കേന്ദ്രവും നിർമ്മിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ . കുമളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളാണ് സ്‌കൂളിനും സമീപത്തെ റോഡിലെ മാലിന്യ നിക്ഷേപം ഒഴിവാക്കാൻ വഴി കണ്ടെത്തിയത്. കുമളി ടൗണിന് സമീപത്തു തന്നെയുള്ള സ്‌കൂളിലേയ്ക്കുള്ള വഴിയുടെ ഒരു വശത്ത് മാലിന്യം വലിച്ചെറിയുന്നത് വർദ്ധിച്ചതോടെയാണ് സ്‌കൂളിലെ എൻ.എസ്. എസ് വിദ്യാർത്ഥികൾ രംഗത്തിറങ്ങിയത്. ക്രിസ്മസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചതോടെ ഇവർ റോഡിന്റെ വശങ്ങൾ വൃത്തിയാക്കി ചെടികൾ നടുകയും സമീപത്തായി കുട്ടികൾക്കായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുകയും ചെയ്തു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റ നിർമ്മാണത്തിനായി കുട്ടികൾ തന്നെ സാധനങ്ങൾ സംഘടിപ്പിക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ശേഖരിച്ച മുളകളും തെങ്ങിന്റെ ഓലയുമൊക്കെ ഉപയോഗിച്ച് രണ്ട് ദിവസം കൊണ്ട് നല്ലൊരു വെയിറ്റിങ് ഷെഡ് കുട്ടികൾ പണി തീർത്തു. ഇനിയും ഈ റോഡിൽ മാലിന്യം വലിച്ചെറിയാൻ ആരെയും അനുവതിക്കുകയില്ലന്ന ഉറച്ച തീരുമാനത്തിലാണ് സ്‌കൂൾ കുട്ടികൾ .