k

മടങ്ങിവരാത്ത യജമാനനെ കാത്ത് കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിക്കു മുന്നിൽ കഴിഞ്ഞ നാലു മാസമായി കാത്തിരിക്കുന്ന ഒരു നായയുടെ ദയനീയ ചിത്രം ഈയിടെ കേരളകൗമുദിയിൽ കാണാനിടയായി. യജമാനൻ പുറത്തുവരുന്നതും കാത്ത്,​ ആഹാരം പോലും ഉപേക്ഷിച്ചാണ് അതിന്റെ കാത്തിരിപ്പ്. വളർത്തുനായയുടെ യജമാന സ്നേഹം പ്രകടമാകുന്ന മറ്റൊരു സംഭവം ഓർമ്മവരുന്നു.

യജമാനനും കുടുംബാംഗങ്ങളും സിനിമ കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് വീടിനടുത്തായി വഴിയിൽ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പികളിൽ നിന്നും സ്പാർക്ക് വരുന്നത് വളർത്തുനായയുടെ ശ്രദ്ധയിൽപ്പെട്ടത്. നായ തുടർച്ചയായി കുരച്ച് ശബ്ദമുണ്ടാക്കി വീട്ടുകാരെ തടഞ്ഞുനിറുത്തി. വീട്ടുകാരെ വൈദ്യുതി കമ്പിയിൽ തട്ടാതെ രക്ഷപ്പെടുത്തിയെങ്കിലും അതിനിടയിൽ നായയുടെ ജീവൻ നഷ്ടമായിരുന്നു.

ദിവസങ്ങൾക്കു മുൻപ് കണ്ണൂരിലെ ഒരു വൃദ്ധസദനത്തിൽ പോകാനിടയായി. അന്തേവാസികളുടെ കൂട്ടത്തിൽ പ്രായം കൂടിയ ജയരാജൻ എന്നയാളെ പരിചയപ്പെട്ടു. കുടുംബത്തെപ്പറ്റി അന്വേഷിച്ചപ്പോൾ മക്കളും പേരമക്കളും ഒക്കെയുണ്ട്, എല്ലാവരും വിദേശത്ത് ഉയർന്ന ജോലിക്കാരാണ്. ഇവിടെ അടുത്ത ബന്ധുക്കളായി ആരുമില്ല. വളരെ അപൂർവമായി മാത്രമേ മക്കൾ നാട്ടിൽ വരാറുള്ളൂ. വന്നാൽത്തന്നെ അവർ നൂറുകൂട്ടം തിരക്കിലായിരിക്കും. അവരെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയും,​ അവരുടെ യാന്ത്രികമായ സ്‌നേഹപ്രകടനം അസഹ്യമായതുകൊണ്ടും സ്വയം ഒഴിവാക്കുകയാണ് ചെയ്യാറ്. മക്കളിൽ ആരാണ് അയാളെ അവിടെ കൊണ്ടുചെന്നാക്കിയത് എന്നുപോലും അയാൾ ഓർക്കുന്നില്ല. ആരുടെ പേരിലും അയാൾക്ക് ഒരു പരാതിയുമില്ല. യജമാനനെ കാത്ത് ആശുപത്രി മോർച്ചറിക്കു മുന്നിൽ കാത്തിരുന്ന ആ നായയുടെ കരുതലിന്റെ ഒരു അംശമെങ്കിലും വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നവരോട് കാണിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്.

പി.കുഞ്ഞിരാമൻ

തളാപ്പ്,​ കണ്ണൂർ