
പ്രിയദർശിനി പുരസ്‌കാരം ടി.പത്മനാഭന് സമർപ്പിച്ചു
കണ്ണൂർ: നുണകൾ കൊണ്ട് ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കാൻ കഴിയില്ലെന്ന് ഭരണാധികാരികൾ മനസിലാക്കണമെന്ന് രാഹുൽഗാന്ധി. കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ കെ.പി.സി.സി ഏർപ്പെടുത്തിയ പ്രഥമ പ്രിയദർശിനി പുരസ്‌കാരം കഥാകൃത്ത് ടി.പത്മനാഭന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ പൂർവ്വികർ സത്യത്തിന്റെ പുറത്താണ് രാജ്യത്തെ കെട്ടിപ്പടുത്തത്. ഇപ്പോൾ, ഡൽഹിയിൽ എല്ലാം ഭരണാധികാരികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അവർ ലൗഡ് സ്പീക്കറും മൈക്കും കാമറയും അവർക്ക് നേരെ തിരിച്ചു വെച്ചിരിക്കുന്നു. ജനങ്ങൾക്കുമുൻപിൽ എല്ലാം തുറന്നു പറയാൻ കഴിയുന്നവരാണ് എഴുത്തുകാർ. എഴുത്തുകാരെപ്പോലെ രാഷ്ട്രീയക്കാർക്കും നിർഭയമായി ആർജവത്തോടെ സത്യം സംസാരിക്കാൻ കഴിയണം. തന്റെ ജീവിതകാലം മുഴുവൻ ടി.പത്മനാഭൻ നിർവഹിച്ചു കൊണ്ടിരിക്കുന്നത് സത്യം പറയുക എന്ന കർത്യവമാണ്. അതുകൊണ്ടു തന്നെയാണ് ഈ അവാർഡ് അദ്ദേഹത്തിന് നൽകാൻ തീരുമാനിച്ചതെന്നും രാഹുൽ പറഞ്ഞു.
ഒരു ലക്ഷം രൂപയും പുരസ്‌കാരവുമടങ്ങുന്നതാണ് പ്രിയദർശിനി പുരസ്‌കാരം. കെ.പി.സി.സി. അദ്ധ്യക്ഷൻ കെ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി വേണുഗോപാൽ എം.പി., പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ചലചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കേരളം അത്ഭുതപ്പെടുത്തുന്നു: രാഹുൽ
ഓരോ തവണ കേരളത്തിൽ വരുമ്പോഴും ഈ നാടിനെ കുറിച്ച് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഓരോ തവണയും പുതിയ കാര്യങ്ങളാണ് ഇവിടെ നിന്ന് മനസ്സിലാകുന്നത്. എങ്ങനെയാണ് കാര്യങ്ങളെ വ്യത്യസ്തമായി സമീപിക്കേണ്ടത് ,ഉപാധികളില്ലാതെ സ്‌നേഹിക്കേണ്ടത്. മറ്റു സംസ്‌കാരങ്ങളോടും മതങ്ങളോടും അഭിപ്രായങ്ങളോടും എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ഈ നാട് തന്നെ പഠിപ്പിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.