കണ്ണൂർ: സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പാലസ്തീൻ ഐക്യദാർഢ്യ സമിതി ഐക്യദാർഢ്യ റാലിയും പ്രകടനവും സംഘടിപ്പിക്കുന്നു. ആറിന് വൈകിട്ട് 4ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്ന് റാലി ആരംഭിക്കും. 4.30ന് കളക്ടറേറ്റ് മൈതാനത്ത് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എം.എൽ.എ., മുക്കം ഉമർ ഫൈസി, ഖലീൽ തങ്ങൾ മുസ്ല്യാർ, ഹുസൈൻ മടവൂർ, ധർമ്മചൈതന്യസ്വാമി, പന്ന്യൻ രവീന്ദ്രൻ, ഡോ. ഫസൽ ഗഫൂർ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ഇസ്മയിൽ കരിയാട്, കെ.പി. മോഹനൻ എം.എൽ.എ, ഫാദർ മാത്യൂസ് വാഴക്കുന്നം, സിപി സലീം, പി. കമാൽകുട്ടി (റിട്ട. ഐ.എ.എസ്) എന്നിവർ പങ്കെടുക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റാലിയിലേക്ക് മുസ്ലീം ലീഗ് നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് എം.വി ജയരാജൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കണമെന്ന് ലീഗ് ആഗ്രഹിച്ചാലും കോൺഗ്രസ് നേതാക്കന്മാർ അവരെ വിലക്കുന്നു. വിഷയത്തിൽ കോൺഗ്രസിന് അഴകുഴമ്പൻ നിലപാടായതിനാലാണ് ക്ഷണിക്കാത്തത്. ലീഗ് പ്രവർത്തകരേയും സമുദായ സംഘടന നേതാക്കളേയും സമ്മേളനത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.