palam

കണ്ണൂർ: ദേശീയപാതാവികസനത്തിനായുള്ള പ്രവൃത്തി മികച്ച രീതിയിൽ പുരോഗമിക്കുമ്പോഴും പാലങ്ങളുടെ നിർമ്മാണത്തിൽ മെല്ലെപ്പോക്ക്. കണ്ണൂർ-കാസർകോട് ജില്ലയിൽ പാതയുടെ നിർമ്മാണം നാൽപത് അൻപത് ശതമാനം പൂർത്തിയായെങ്കിലും പുഴയ്ക്കു കുറുകേയുള്ള പാലങ്ങളുടെ നിർമ്മാണത്തിൽ ഏകദേശം ഇരുപത് ശതമാനത്തിനടുത്ത് മാത്രമാണ്. 45 മീറ്റർ വീതിയെന്ന സ്വപ്നപാതയിലേക്കുള്ള ലക്ഷ്യം കൈവരിക്കാൻ രണ്ട് വർഷത്തിന്റെ ദൂരം മാത്രമേയുള്ളുവെങ്കിലും പാലങ്ങളുടെ നിർമ്മാണം അതിനകം പൂർത്തിയാകുമോയെന്നാണ് സംശയം.


ദക്ഷിണേന്ത്യയിലെ വലിയ ഒറ്റത്തൂൺ പാലം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ പാലമാണ് കാസർകോട് നഗരത്തിൽ നിർമ്മിക്കുന്നത്.ഒറ്റത്തൂണുകളിൽ.വീതി 27 മീറ്ററും നീളം 1.12 കിലോമീറ്ററും. മുപ്പത് തൂണുകളിലാണ് പാലം. രണ്ടാംസ്ഥാനത്തുള്ള ഒറ്റത്തൂൺപാലം വിജയവാഡയിലാണ്. 24 മീറ്റർ മാത്രമാണ് ഇതിന്റെ വീതി. ആകർഷകത്വവും സ്ഥലസൗകര്യവുമാണ് ഒറ്റത്തൂൺ പാലത്തിന്റെ പ്രത്യേകതയെന്ന് നിർമ്മാണച്ചുമതല വഹിക്കുന്ന ഊരാളുങ്കാൽ സൊസൈറ്റി അധികൃതർ പറഞ്ഞു.

തലപ്പാടി-ചെങ്കള ഒന്നാംറീച്ച്

ആദ്യ റീച്ചായ തലപ്പാടി ചെങ്കളയിൽ ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാൽ പുഴകളിലാണ് വലിയ പാലങ്ങൾ. മഞ്ചേശ്വരം,പൊസോട്ട്, കുക്കാർ, ഏരിയാൽ എന്നിവിടങ്ങളിൽ ചെറിയ പാലങ്ങളും.മഞ്ചേശ്വരം പാലത്തിന്റെ പണി പൂർത്തിയാക്കി. പൊസോട്ട്, ഏരിയാൽ പാലങ്ങൾ 80 ശതമാനവും കുക്കാർ പാലം 65 ശതമാനവും പൂർത്തിയാക്കി. കുമ്പള പാലം നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഉപ്പള, മൊഗ്രാൽ, ഷിറിയ പാലം പണി 75ശതമാനം പൂർത്തിയായി. രണ്ട് ഫ്‌ളൈ ഓവറുകളും ഈ റീച്ചിലുണ്ട്. 1.140 കിലോ മീറ്റർ ദൈർഘ്യമുള്ള കാസർകോട് ടൗൺ മേൽപ്പാലത്തിന്റെ തൂണുകളുടെ നിർമ്മാണം പൂർത്തിയാക്കി.നൂറു മീറ്റർ നീളമുള്ള ഉപ്പള ടൗണിലെ മേൽപ്പാലം അവസാന ഘട്ടത്തിൽ ഉൾപ്പെടുത്തിയതാണ്.

ചെങ്കള-നീലേശ്വരം രണ്ടാംറീച്ച്

ചെങ്കള മുതൽ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം വരെയുള്ള രണ്ടാം റീച്ചിൽ പാത 60 ശതമാനം പൂർത്തിയായി. ബേവിഞ്ച, നീലേശ്വരം എന്നിവിടങ്ങളിൽ വലിയതടക്കം അഞ്ചുപാലങ്ങളാണ് പൂർത്തിയാകേണ്ടത്. പ്രധാന പാലങ്ങളായ തെക്കിൽ, നീലേശ്വരം പാലങ്ങളുടെ നിർമ്മാണം മന്ദഗതിയിലാണ്.ചെർക്കള ബേവിഞ്ച തെക്കിൽ ചട്ടഞ്ചാൽ ഭാഗത്തെ എസ് വളവുകളും കുന്നുകളും നിവർത്തിക്കൊണ്ട് വയഡക്ട് പാലമാണ് ബോവിഞ്ചയിൽ നിർമ്മിക്കുന്നത്.

നീലേശ്വരം-തളിപ്പറമ്പ് മൂന്നാംറീച്ച്
നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം മുതൽ തളിപ്പറമ്പ് കുറ്റിക്കോൽ പാലം വരെയുളള മൂന്നാം റീച്ചിലെ 14 ചെറിയ പാലങ്ങളിൽ എട്ടെണ്ണം പുതിയതും രണ്ടെണ്ണം അറ്റകുറ്റപ്പണി ചെയ്യുന്നതും നാലെണ്ണം പുനർനിർമ്മിക്കേണ്ടവയുമാണ്. രണ്ട് വലിയ പാലങ്ങളും പൂർത്തീകരിക്കണം. ഇതിൽ പെരുമ്പ പുഴയിൽ പുതിയ പാലം നിർമ്മാണം 20 ശതമാനത്തിലെത്തി നിൽക്കുന്നു. കുപ്പം പാലം നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്.


മാറ്റിപ്പണിത് വളപട്ടണം പാലം

തളിപ്പറമ്പ് -മുഴുപ്പിലങ്ങാട് റീച്ചിൽ വളപട്ടണം പുഴയ്ക്ക് നിർമ്മിക്കുന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പാലങ്ങളിലൊന്നാണിത്. ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് ഉയരം കൂട്ടിയാണ് ഇപ്പോഴത്തെ നിർമ്മാണം. ഉയരം 550 മീറ്ററിൽ നിന്ന് 750 മീറ്ററും നീളം ഒരുകീലോമീറ്ററിനടുത്തുമാണ് പുതിയ പാലത്തിന്റേത്.പതിനാറോളം സ്പാനുകളുമുണ്ടാകും.