
ഐ 24
കണ്ണൂർ: ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മാലിന്യങ്ങൾ വലിച്ചെറിയുന്നത് നിരീക്ഷിക്കുന്നതിനുമായി കോർപറേഷൻ 90 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. കോർപ്പറേഷൻ ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച് രണ്ടുകോടി രൂപ ചെലവഴിച്ച് എൺപതിടങ്ങളിലാണ് വയർലെസ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
വാഹന നമ്പറുകൾ കൃത്യമായി ദൃശ്യമാകുന്ന 3 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് ക്യാമറകളും ഇതിലുണ്ട്. നിക്ഷാൻ ഇലക്ട്രോണിക്‌സാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്ത് നടപ്പിലാക്കിയത്. ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി കോർപ്പറേഷൻ ഓഫീസിൽ രണ്ടു മോണിറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. മാങ്ങാട്ടുപറമ്പ് എൻജിനീയറിംഗ് കോളേജിലെ ഡോ.പി സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമറ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത്. ക്യാമറ ശൃംഖലയുടെ ഉദ്ഘാടനം മേയർ അഡ്വ.ടി ഒ മോഹനന്റെ അദ്ധ്യക്ഷതയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു. ക്യാമറ ശൃംഖലക്ക് ഐ 24 എന്ന നാമകരണവും എം.പി നിർവഹിച്ചു.
വിവിധ സ്ഥലങ്ങളിൽ ഇരുമ്പ് തൂണിൽ സോളാർ പാനലും ബാറ്ററിയും ഉൾപ്പെടുന്ന രീതിയിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇന്റർനെറ്റ് സഹായമില്ലാതെ കേരള വിഷന്റെ നിലവിലുള്ള കേബിൾ ശൃംഖലയും അഞ്ച് ജി.എച്ച്.ഇ.സെഡ് റേഡിയോ ഫ്രീക്വൻസി വയർലെസ് സാങ്കേതിക വിദ്യയും ചേർന്ന ഹൈബ്രിഡ് പദ്ധതിയാണിത്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത് പതിവാണ്. ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ക്യാമറകൾ സഹായിക്കും.
ഇവിടം നിരീക്ഷണത്തിൽ
കക്കാട് പുഴ പരിസരം, പുലിമുക്ക്, ധനലക്ഷ്മി ആശുപത്രി, ലേയ മെറിഡിയൻ അത്താഴകടവ്, കക്കാട് പുഴയ്ക്ക് സമീപത്തെ അമൃതാ റോഡ്, കിഴുത്തള്ളി ബൈപാസ്, സിറ്റി സ്നേഹ തീരം, വലിയകുളം ഇസ്ത്രി പീടിക, സിറ്റി ടാക്സി സ്റ്റാൻഡ്, പൂവളപ്പ്, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, വാരം സി.എച്ച് സെന്റർ ആശുപത്രി, കനാൽ കൊപ്ര പീടിക, ആനോനി തോട്, ഒറ്റതെങ്ങ് വെല്ലുവക്കണ്ടി ഫുട്ട് പാത്ത്, ഭാനുറോഡ് മാപ്പിള സ്‌കൂൾ, തോട്ടട ബസ് സ്റ്റോപ്പ്, നടാൽ ഗേറ്റ്, ചാല സർക്കിൾ ബൈപാസ് ജങ്ഷൻ, ചാല സർക്കിൾ മിംമ്സ്, കുറവ പാലം, പയ്യാമ്പലം ഗേൾസ് സ്‌കൂൾ, പാസ്പോർട്ട് ഓഫിസ് ജങ്ഷൻ, പ്ലാസ ജംഗ്ഷൻ, ഒതയോത്ത് ശ്മശാനം, ആമ്നി ആഡിറ്റോറിയം, കാഞ്ചി കാമാക്ഷി അമ്മാൻ കോവിൽ, എരുമക്കുടി മോസ്‌ക്, ഓട്ടോ പാർക്ക് താവക്കര, പ്രസ് ക്ലബ് റോഡ്, ഓൾഡ് ബസ് സ്റ്റാൻഡ് ഫ്രൂട്ട് സ്റ്റാളിൽ സൈഡ്, താണ വാട്ടർ ടാങ്ക്, താണ ബസ് സ്റ്റോപ്പ്, ആനയിടുക്ക് ഗേറ്റ്, നടാൽ വായനശാല, പള്ളിക്കുന്ന് സോണൽ ഓഫിസ്, പുഴാതി സോണൽ ഓഫീസ്.
കോർപ്പറേഷന്റേത് മാലിന്യമുക്ത സമൂഹത്തിലേക്കുള്ള വലിയ ചുവട് വെപ്പാണ്. മാലിന്യമുക്ത സമൂഹത്തിനായി ജനങ്ങൾ മുന്നോട്ട് വരണം. പദ്ധതി നടപ്പിലാക്കുക മാത്രമല്ല അത് നിലനിർത്തിപ്പോകുക എന്നതും വെല്ലുവിളിയാണ്.
ഇ.ടി മുഹമ്മദ് ബഷീർ എം.പി