sivan

കൂത്തുപറമ്പ്: കമുകിൽ നിന്ന് വീണ് നട്ടെല്ല് പൊട്ടി കാലുകൾ പൂർണമായും തളർന്നത് 19ാം വയസിൽ. 2001ൽ നേരിട്ട അപകടത്തെ തുടർന്ന് അഞ്ചുവർഷത്തോളം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ. എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്ന തോന്നലുറച്ചപ്പോൾ നാൽപതോളം ഗുളികകൾ വാരിത്തിന്ന് ജീവനൊടുക്കാനുള്ള ശ്രമം. ഒരു മാസം കൂടി മെഡിക്കൽ കോളേജിൽ.ഒടുവിൽ വേങ്ങാട് കൈതച്ചാലിൽ കാരുണ്യഭവനിൽ എത്തിയപ്പോൾ മനംമാറ്റം. പലതരത്തിലുള്ള കൈതൊഴിലുകൾ പഠിച്ച് ഭിന്നശേഷിക്കാർക്കും ജീവിതമുണ്ടെന്ന് തെളിയിച്ച് മറ്റ് ഭിന്നശേഷിക്കാരെ പ്രചോദിപ്പിച്ച് മുന്നോട്ട് പോകുകയാണ് വയനാട് മേപ്പാടിയിലെ തോട്ടുങ്കര സ്വദേശി ആർ.ശിവൻ.

കൈതച്ചാൽ കാരുണ്യഭവൻ തന്നെയാണ് ഇന്ന് ശിവന്റെ മേൽവിലാസം. കാരുണ്യഭവനിൽ കനിവ് തേടി എത്തുന്നവർക്ക് താണും തണലുമായി വീൽചെയറിലായ ഈ നാൽപതുകാരൻ. ശിവന്റെ ദുരിതജീവിതം അറിഞ്ഞ് കാരുണ്യഭവന്റെ ഡയറക്ടറായിരുന്ന കെ.മോഹനൻ ദൈവദൂതനെ പോലെ എത്തുകയായിരുന്നു.തന്റേതിന് സമാനമായ അവസ്ഥ നേരിടുന്ന അദ്ദേഹം നൽകിയ ധൈര്യമാണ് ജീവിതത്തെ തിരികെ പിടിക്കാൻ സഹായിച്ചതെന്ന് ശിവൻ പറയുന്നു. കാരുണ്യ ഭവനിൽ നിന്നും ലഭിച്ച പരിശീലനത്തിലൂടെ സ്വന്തം കാര്യങ്ങളെല്ലാം ചെയ്യാനുള്ള പ്രാപ്തി ലഭിച്ചു. ഇതിന് ശേഷമായിരുന്നു എന്തെങ്കിലും ജോലി ചെയ്യണമെന്ന തോന്നലുണ്ടായത്. ആദ്യം പഠിച്ചെടുത്തത് കുട നിർമ്മാണം. മഴക്കാലസീസണുകളിൽ കുട നന്നായി വിറ്റുപോയി. ഇതിന് ശേഷം ഡിഷ് വാഷ്,​ സോപ്പ് ഓയിൽ ,​ സോപ്പ് പൊടി,​ ഫ്ളോർ ക്ളീനർ,​ ഫിനോയിൽ എന്നിവ നിർമ്മിക്കാനും പഠിച്ചു. മുചക്ര സ്കൂട്ടറിൽ കൊണ്ടുപോയായിരുന്നു വിൽപന. പേപ്പർ വിത്ത് പേനയും പിന്നീട് നിർമ്മിച്ചു.

ഇതോടെ തന്നെപോലെയുള്ള അവസ്ഥ നേരിടുന്നവരെ സഹായിക്കുകയെന്ന ദൗത്യമായിരുന്നു പിന്നീട്.

കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളിലായി കുട നിർമ്മിക്കുവാനും ലിക്വിഡ് ഐറ്റംസ് എല്ലാം നിർമ്മിക്കുവാനും നിരവധി പേർക്കാണ് മുചക്രവാഹനത്തിൽ സഞ്ചരിച്ച് ശിവൻ പരിശീലനം നൽകിയത്. കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്‌പെഷ്യൽ സ്‌കൂളുകളിലും മറ്റ് സ്കൂളുകളിലും കുടുംബശ്രീ യൂണിറ്റുകൾക്കുമെല്ലാം അഞ്ചുവർഷമായി വിവിധ കൈതൊഴിൽ പരിശീലനം നൽകിവരികയാണ് ഇദ്ദേഹം.

കവിതകളും കഥകളുമൊക്കെയായി എഴുത്തിലും സജീവമാണ് ഈ യുവാവ്. കാരുണ്യഭവനിൽ ശിവനെ പോലെ പതിനഞ്ചുപേർ താമസിക്കുന്നുണ്ട്. കാരുണ്യയിൽ നിന്ന് തന്നെ മോഡിഫൈ ചെയ്ത കാർ കൈകൊണ്ട് ഓടിക്കാനും ശിവന് കഴിയുന്നുണ്ട്. അവരും ശിവൻ കാണിച്ച വഴിയിലൂടെ മെല്ലെ ജീവിതം തിരിച്ചുപിടിക്കുകയാണിന്ന്. വയനാട് സ്വദേശിയായ ഇദ്ദേഹം കാരുണ്യഭവന് സമീപത്ത് അഞ്ചു സെന്റ് സ്ഥലം വാങ്ങി പഞ്ചായത്തിന്റെ സഹായത്തോടെ ഒരു ചെറിയ വീട് നിർമ്മിച്ചിട്ടുണ്ട്.എല്ലാ കാര്യങ്ങളും സ്വയം ചെയ്യുവാൻ പറ്റുന്ന രീതിയിലാണ് വീടിന്റെ ക്രമീകരണം. കാരുണ്യ ഭവനിൽ നിന്നും ഇടയ്ക്ക് വീട്ടിലേക്ക് വരും. മേപ്പാടി തോട്ടുങ്കരയിൽ പരേതനായ രാമസ്വാമിയുടെയും ലക്ഷ്മിയുടേയും അഞ്ചുമക്കളിൽ നാലാമനാണ് ശിവൻ.