
ഇരിട്ടി: ഉളിക്കൽ വയത്തൂരിൽ കടുവയെ കണ്ടതായി തൊഴിലാളികൾ. വയത്തൂർ ക്ഷേത്രത്തിന് സമീപമുള്ള കശുമാവിൻ തോട്ടത്തിൽ കാട് വെട്ടിതെളിക്കുന്നതിനിടയിൽ കടുവയെ കണ്ടതായാണ് തൊഴിലാളികൾ പറഞ്ഞത്. വനംവകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
പയ്യാവൂർ സ്വദേശി സഹജന്റെ കശുമാവിൻ തോട്ടത്തിൽ കാട് വെട്ടിത്തലിക്കുന്നതിനിടയിലാണ് വയത്തൂർ സ്വദേശി സജി ഒരു ജീവിയെ കാണുന്നത്. ആദ്യം കാട്ടുപന്നിയാണെന്ന് ധരിച്ച് സജി തന്റെ സുഹൃത്തുക്കളായ ചന്ദ്രൻ, ഗംഗാധരൻ എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു. അവരെത്തി ഇതിനെ നിരീക്ഷിച്ചപ്പോഴാണ് ഇത് കടുവയാണെന്ന് പറഞ്ഞത്. ഇതിനെ കണ്ട ഉടനെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ഈ മേഖലയിൽ നിന്നും കടുവയുടെ കാൽപ്പാടോ മറ്റോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനാതിർത്തിയിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ ഉള്ളിൽ ജനവാസ മേഖലയിലുള്ള സ്ഥലമാണ് കടുവയെ കണ്ടു എന്നു പറയപ്പെടുന്ന സ്ഥലം.