
തലശ്ശേരി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ശുചിത്വം പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ കണ്ണൂർ ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിന് സമീപത്തെ വി.പി.ഷീബയുടെ ഉടമസ്ഥതയിലുള്ള കടലോരം ഹോട്ടൽ അടച്ചു പൂട്ടി.
അടുക്കളയുടെ തറയും പരിസരവും പൊട്ടിപ്പൊളിഞ്ഞും മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയിലും ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഉപയോഗയോഗ്യമല്ലാത്ത സാധനങ്ങൾ അടുക്കളയിലും പരിസരത്തും കൂട്ടിയിട്ടതായും ഫ്രീസറിൽ കക്കയിറച്ചി സൂക്ഷിച്ച നിലയിലും പരിശോധനയിൽ കണ്ടെത്തി. പാകം ചെയ്ത ഭക്ഷണം തുറന്ന നിലയിൽ സൂക്ഷിച്ചതായും പരിശോധനയിൽ സ്ഥിരീകരിച്ചു. പാത്രങ്ങൾ കഴുകുന്ന സ്ഥലത്തും കൈ കഴുകുന്ന സ്ഥലത്തും ശുചിത്വം പാലിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയ്ക്ക് ബി ഡിവിഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ രജിന നേതൃത്വം നൽകി.ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനിൽകുമാർ, കുഞ്ഞിക്കണ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.