കാഞ്ഞങ്ങാട്: പഞ്ചായത്ത് അനുമതിയുടെ മറവിൽ മണലൂറ്റ് വ്യാപകമെന്നും ഇതിനെതിരെ കൃത്യമായ നടപടി വേണമെന്നും താലൂക്ക് വികസന സമിതിയിൽ ആവശ്യം. റവന്യൂ തലത്തിൽ രൂപീകരിച്ചിട്ടുള്ള മണൽ സ്‌ക്വാഡുകൾ കൃത്യമായ പരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിന്റെ തുടർ നടപടികൾ യോഗം ചർച്ച ചെയ്തു.
മടിക്കൈ പഞ്ചായത്തിലെ കീക്കാൻ കോട്ട് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാൽ തുടർപരിപാലനം ഉണ്ടാകണമെന്നും നിർദ്ദേശിച്ചു. ഹൊസ്ദുർഗ് കൈറ്റ് ബീച്ചിലേക്ക് ബസ് അടക്കമുള്ള യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന നിർദേശവും യോഗത്തിൽ അവതരിപ്പിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നീലേശ്വരത്തെ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന നിലയിലാണ്. ഇത് നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കണം.
ചുമ, പനി, ജലദോഷം തുടങ്ങിയവ വ്യാപകമാകുന്ന ഉണ്ടാകുന്ന സ്ഥിതിയുണ്ട്. ഇതിനെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രത ഉണ്ടാകണം. പുഞ്ചാവി കടപ്പുറത്തെ ഹെൽത്ത് സെന്റർ കെട്ടിടം അപകടാവസ്ഥയിലാണ്. പുതിയ കെട്ടിടം നിർമ്മിക്കാനാവശ്യമായ നടപടി ഉണ്ടാകണം. പടന്ന പഞ്ചായത്ത് കേന്ദ്രീകരിച്ച് ലഹരി വിൽപന കൂടുന്നുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വെറ്ററിനറി ആശുപത്രികളിൽ ചർമ കുളമ്പു രോഗങ്ങൾക്കുള്ള പ്രതിവിധി ഉണ്ടാകണം. ജില്ലാ ആയുർവേദ ആശുപത്രിയിൽ ആംബുലൻസ് വേണമെന്ന ആവശ്യവും യോഗം ചർച്ച ചെയ്തു.
ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽേ ചേർന്ന യോഗത്തിൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ കെ. ലത, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, വി. ഗോപി, കെ. മുഹമ്മദ് കുഞ്ഞി, രാജു കൊയ്യോൻ, വി.പി. അടിയോടി, രതീഷ് പുതിയപുരയിൽ, കെ.യു. ജയപ്രകാശ് എന്നിവർ സംസാരിച്ചു. തഹസിൽദാർ ടി.കെ. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ജൂനിയർ സൂപ്രണ്ട് പി.വി. തുളസിരാജ് നന്ദിയും പറഞ്ഞു.