taekcondo

കൊച്ചി: സംസ്ഥാന സ്കൂൾ ഗെയിംസ് തായ്‌ക്കൊണ്ടോയിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ കാസർകോടിന് ഓവറാൾ കിരീടം. എട്ടു സ്വർണവും ഏഴുവെള്ളിയും ഒമ്പത് വെങ്കലവുമുൾപ്പെടെ 70 പോയിന്റ് കാസർകോട് നേടി.

13 സ്വർണമുൾപ്പെടെ 15 മെഡലുകൾ നേടിയ തിരുവനന്തപുരം ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനക്കാരായി. നാല് സ്വർണമുൾപ്പെടെ 57 പോയിന്റ് നേടിയ മലപ്പുറമാണ് മൂന്നാമത്. കോഴിക്കോട് (54), എറണാകുളം (48) ജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.

സ്‌കൂൾ വിഭാഗത്തിൽ കോഴിക്കോട് ഗവ. മോഡൽ എച്ച്.എസ്.എസ് (13) ഓവറോൾ ചാമ്പ്യൻമാരായി. കാസർകോഡ് നീലേശ്വരം രാജാസ് ജി.എച്ച്.എസ് സ്‌കൂളാണ് റണ്ണേഴ്‌സ് അപ്പ് (12). പൊന്നാനി എഴുവാതിരുത്തി ഐ.എസ്.എസ് എച്ച്.എസ്.എസ് 11 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായി.

സബ് ജൂനിയർ മത്സരങ്ങൾ ഇന്ന് നടക്കും. ഗെയിംസിലെ ടേബിൾ ടെന്നീസ് മത്സരങ്ങൾ കടവന്ത്ര വൈ.എം.സി.എയിൽ തുടങ്ങി. മത്സരങ്ങൾ ഇന്നും തുടരും. വനിതാവിഭാഗം ക്രിക്കറ്റ് ഫൈനലും ഇന്നാണ്. സ്‌കൂൾ ഗെയിംസിലെ ഗ്രൂപ്പ് 7 മത്സരങ്ങളാണ് എറണാകുളത്ത് നടക്കുന്നത്. വുഷുവിൽ മലപ്പുറവും ആൺകുട്ടികളുടെ ക്രിക്കറ്റിൽ എറണാകുളവും ചാമ്പ്യൻമാരായിരുന്നു. മത്സരങ്ങൾ നാളെ സമാപിക്കും.