തലശ്ശേരി: നഗരത്തിലെ 17 വേദികളിലായി 8,639 വിദ്യാർത്ഥി പ്രതിഭകൾ മാറ്റുരക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തലശ്ശേരിയിൽ തിരിതെളിയും. ശനിയാഴ്ച വരെ തുടരുന്ന കലോത്സവ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകളിൽ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന 5 മുതൽ 12വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥി പ്രതിഭകളാണ് അഞ്ച് ദിവസങ്ങളിലായി നടത്തുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം തലശ്ശേരി ഗുണ്ടർട്ട് റോഡിലുള്ള സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറിയിൽ നാളെ വൈകിട്ട് 3 ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കും. എം.എൽ.എ. കെ.പി. മോഹനൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. 9 ന് ശനിയാഴ്ച വൈകിട്ട് 4 ന് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കുന്ന സമാപനം എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. വേദിയിൽ വച്ച് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ സമ്മാന വിതരണവും നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ഉപഹാര സമർപ്പണവും നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ.പി. അംബിക, നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി, ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.വി. സഖീഷ്, വി.വി.രതീഷ്, സി.വി. എ ജലീൽ, സിദ്ധിഖ് കൂടത്തിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.