mahila-asociation-march

കാഞ്ഞങ്ങാട്: കേന്ദ്ര സർവകലാശാലയിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം ഉൾപ്പെടെ അപമര്യാദ കാട്ടിയ അദ്ധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. പെരിയ ടൗണിൽ നിന്നും പ്രതിഷേധ മാർച്ച് സർവകലാശാല കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി സുബൈദ അദ്ധ്യക്ഷത വഹിച്ചു.സുനു ഗംഗാധരൻ, ടി.കെ.ചന്ദ്രമ്മ, എം.ഗൗരി, കെ.വി.രുക്മണി, ഫൗസിയ ഷെരീഫ് എം.ചന്ദ്രമതി, കെ.സുജാത, വി.ഗീത, ശാന്തകുമാരി എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി എം.സുമതി സ്വാഗതം പറഞ്ഞു.