ramanthali

പയ്യന്നൂർ : രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന് മുന്നോടിയായി കന്നിക്കലവറക്ക് കുറ്റിയടിക്കലും പാലക്ക് കുറിയിടൽ ചടങ്ങും നടന്നു. അന്തിത്തിരിയന്റെയും ആചാരക്കാരുടെയും കോയ്മയുടെയും കാരണവന്മാരുടെയും വാല്യക്കാരുടെയും ഭക്ത ജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ ജന്മാശാരി കെ.വി.കുഞ്ഞിരാമൻ ആണ് കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചത്. ഭണ്ഡാരപ്പുരയുടെ കന്നിരാശിയിലാണ് കന്നിക്കലവറ നിർമ്മക്കുന്നത്. പെരുങ്കളിയാട്ട നാളുകളിൽ കന്നിക്കലവറയ്ക്കകത്ത് അന്നപൂർണ്ണേശ്വരിയുടെ സാന്നിദ്ധ്യമുണ്ടെന്ന വിശ്വാസത്തിലാണ് കന്നിക്കലവറയിൽ കെടാദീപം തെളിയിക്കുന്നത്.പാലക്ക് കുറിയിടൽ ചടങ്ങ് അന്തിത്തിരിയന്റെ നേതൃത്വത്തിൽ ജന്മാശാരിയും ആചാരക്കാരും കാരണവന്മാരും ചേർന്ന് നിർവഹിച്ചു. എൻ.വി.കണ്ണനാണ് പാല ദാനം ചെയ്തത്. മുറിച്ചെടുത്ത് നിലം തൊടാതെ ചുമലിലേറ്റി പാല മരം ഉപയോഗിച്ചാണ് പരമപ്രധാനമായ കന്നിക്കലവറ, നാലില്ലപന്തൽ എന്നിവ നിർമ്മിക്കുന്നത്.