
കാസർകോട് :മലബാറിലെ ആചാര സ്ഥാനികർക്കും കോലധാരികൾക്കും നൽകി വരുന്ന വേതനം രണ്ടായിരം രൂപയായി വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് നിയമസഭ പിന്നാക്കക്ഷേമസമിതി. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വിവിധ ഹരജികളിന്മേൽ തെളിവെടുപ്പിനിടെയാണ് ചെയർമാൻ പി.എസ്.സുപാൽ എം.എൽ.എ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ അഖിലകേരള യാദവസഭ നൽകിയ പരാതിയിന്മേൽ എണ്ണൂറു രൂപയിൽ നിന്ന് 1400 ആയി തുക വർദ്ധിപ്പിച്ചിരുന്നു. കാലാനുസൃതമായ വർദ്ധനവ് വേണമെന്ന് സമിതി സർക്കാരിന് മുന്നിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു. മലബാറിലെ തീയ്യ സമുദായത്തെ ഒ.ബി.സി ലിസ്റ്റിലും എസ്.സി.ബി.സി ലിസ്റ്റിലും പ്രത്യേകം ക്രമനമ്പറിൽ രേഖപ്പെടുത്തി പ്രത്യേകം സംവരണം നൽകണം എന്നാവശ്യപ്പെട്ട് തീയ്യക്ഷേമ സഭ നൽകിയ പരാതിയും കമ്മിഷൻ പരിഗണിച്ചു. ഇതിന്മേൽ നരവംശ ശാസ്ത്ര റിപ്പോർട്ട് ലഭ്യമാക്കുന്നതിന് കിർത്താഡ്സിനോട് നിർദ്ദേശിച്ചു. ക്ഷേത്ര കമ്മറ്റികൾ വിശ്വകർമ്മജർക്ക് മതിയായ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് ദേശീയ വിശ്വകർമ്മ ഫെഡറേഷൻ നൽകിയ പരാതി, ജാമിയ സാദിയ അറബിയ എന്ന സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നൽകണം എന്ന് ആവശ്യപ്പെട്ട് ജനറൽ മാനേജർ നൽകിയ പരാതി, കൊങ്കിണി ഭാഷ സംസാരിക്കുന്ന ലാറ്റിൻ കത്തോലിക്ക വിഭാഗക്കാരെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക സഭ നൽകിയ പരാതി എന്നിവയും സമിതി പരിഗണിച്ചു. ജില്ലയിൽ നിന്ന് ലഭിച്ചതും സമിതിയുടെ പരിഗണന ഉള്ളതുമായ ഹർജികളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പ് നടത്തി.
സമിതി അംഗങ്ങളായ ജി.സ്റ്റീഫൻ, കുറുക്കോളി മൊയ്തീൻ എന്നിവരും തെളിവെടുപ്പിൽ പങ്കെടുത്തു, എ.ഡി.എം കെ.നവീൻ ബാബു സ്വാഗതവും നിയമസഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി എൻ.ജി.ദീപ നന്ദിയും പറഞ്ഞു. പിന്നാക്ക വിഭാഗ കമ്മീഷൻ അസി.രജിസ്ട്രാർ ദേവസ്വം വകുപ്പ് സെക്ഷൻ ഓഫീസർ കിർത്താഡ്സ് റിസർച്ച് ഓഫീസർ സെക്രട്ടറിയേറ്റ് ജീവനക്കാർ, വിവിധ വകുപ്പ് ജീവനക്കാർ, ഹർജിക്കാർ തുടങ്ങിയവരും പങ്കെടുത്തു.