paramada

ടൂറിസം സാദ്ധ്യതയും പരിശോധിക്കും

കേളകം: ഉപേക്ഷിക്കപ്പെട്ട ക്വാറികളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള നടപടികളുമായി ഹരിതകേരളമിഷൻ രംഗത്ത്. ക്വാറികളിൽ കെട്ടിക്കിടക്കുന്ന ജലം കൃഷിക്കും ജലസേചനത്തിനും ഉപയോഗിക്കുന്നതിനും ഒപ്പം ടൂറിസം വികസനസാദ്ധ്യത പരിശോധിക്കാനുമാണ് മിഷന്റെ നീക്കം. ഇതിനായി സർവെ നടത്തും.

കൊല്ലം ജില്ലയിൽ വിജയകരമായി നടപ്പാക്കിയ മാതൃക പിന്തുടരാനാണ് ആലോചനയെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ പറഞ്ഞു. ഇതിനായി പാറമടകളുടെയും അനുബന്ധമായി ടൂറിസത്തിന്റെയും കൃഷിയുടെയും സാദ്ധ്യതയും സർവേയും നടത്തും.

പാറമടകളിൽ നിന്നും സൗരോർജ പമ്പുകളിലൂടെ വെള്ളം പമ്പ് ചെയ്ത് ചാലുകൾ വഴി തോടുകളിലേക്ക് വെള്ളമൊഴുക്കി കൃഷി ആരംഭിക്കാനും വ്യാപിപ്പിക്കാനുമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.ഇതുവഴി പ്രദേശത്തെ ഭൂഗർഭ ജലവിതാനം ഉയർത്താനും സാധിക്കും.
അനർട്ടിന്റെ സഹായത്തോടെ സോളാർ പാനലുകൾ സ്ഥാപിക്കാൻ ശ്രമിക്കും.പാറമടകൾ ഉടമസ്ഥന്റെ കൈയിൽ തന്നെ നിലനിർത്തിക്കൊണ്ട് അവരുടെ കൂടി സഹായത്താൽ നടപ്പിലാക്കുന്നതിലൂടെ ഉടമയ്ക്ക് ഒരു വരുമാനവും, ഒപ്പം ജലസംരക്ഷണവും പ്രാദേശിക വികസനവുമാണ് ലക്ഷ്യമിടുന്നത്.കൊല്ലത്ത് പദ്ധതി നടപ്പിലാക്കിയതിന് ശേഷം നിരവധി വയലുകൾ ജലസമൃദ്ധമായതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലും സാദ്ധ്യതാപഠനം നടത്തുന്നത്.

പാറമടകളിൽ ഇറങ്ങി അപകടത്തിപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് പരിഗണിച്ചാണ് സുരക്ഷാ സംവിധാനം സംബന്ധിച്ച് സർവേ നടത്തുന്നത്.ഖനനം അവസാനിപ്പിച്ച പാറമടകൾക്ക് ചുറ്റിലും, അവിടേക്കെത്താനുള്ള വഴികളിലും സുരക്ഷാവേലികൾ സ്ഥാപിക്കും. അനുയോജ്യമായ പാറമടകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കൃഷിക്ക് ഉപയോഗിക്കും. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയശേഷം വിനോദ സഞ്ചാരികൾക്കായി തുറന്ന് നൽകുന്നതിനുള്ള സാദ്ധ്യതയും പരിശോധിക്കും.

സർവേയിൽ കണ്ടെത്തേണ്ടത്

പാറമടകളുടെ വെള്ളത്തിന്റെ അളവ് ,​ ആഴം

യാത്രാ സൗകര്യം, കൃഷി,ടൂറിസം, മത്സ്യകൃഷി സാദ്ധ്യത


റിപ്പോർട്ട് തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി പദ്ധതി നടപ്പിലാക്കാനാണ് ഹരിത കേരള മിഷൻ ശ്രമിക്കുന്നത്- ഇ.കെ.സോമശേഖരൻ (ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ)