mayyil

മയ്യിൽ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേട്ടം കൈവരിച്ച് മയ്യിൽ ഗ്രാമ പഞ്ചായത്ത്. മയ്യിൽ സാറ്റ്‌കോസ് ഓഡിറ്റോറിയത്തിൽ എം.വി.ഗോവിന്ദൻ എം.എൽ.എയാണ് പ്രഖ്യാപനം നിർവഹിച്ചത്.

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മുഴുവൻ ആളുകളേയും ഡിജിറ്റൽ സംവിധാനങ്ങളിൽ പ്രവീണ്യമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തിൽ നടപ്പാക്കിവരുന്ന സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞം 'ഇടം' പദ്ധതിയിലൂടെയാണ് ലക്ഷ്യം നേടിയത്.
മയ്യിൽ പഞ്ചായത്തിലെ 18 വാർഡുകളിലായി 262 പഠന കേന്ദ്രങ്ങൾ വഴി 7045 പേരാണ് പദ്ധതിയുടെ ഭാഗമായത്. 6 മാസം കൊണ്ടാണ് പഞ്ചായത്തിൽ പദ്ധതി പൂർത്തീകരിച്ചത്.പഞ്ചായത്തിൽ 142 ഓളം റിസോഴ്സ് പേഴ്സൺമാർക്ക് ഇതിന്റെ ഭാഗമായി പരിശീലനം നൽകി. ഇവർ മുഖാന്തരമാണ് പഠന കേന്ദ്രങ്ങളിൽ ക്ലാസുകൾ നൽകിയത്. സംസ്ഥാന സർക്കാർ,സാക്ഷരതാ മിഷൻ, കൈറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ഡിജിറ്റൽ സാക്ഷരതാ യജ്ഞം നടന്നത്.

മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് കോ ഓർഡിനേറ്റർ കെ.പി.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് സ്‌കൂളിനുള്ള ഉപഹാരം തളിപ്പറമ്പ് മണ്ഡലം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൺവീനർ കെ.സി ഹരികൃഷ്ണൻ നൽകി. പഞ്ചായത്തിനുള്ള പ്രശംസാ പത്ര വിതരണം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്ജ് നിർവഹിച്ചു. പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം തളിപ്പറമ്പ് മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കോ ഓർഡിനേറ്റർ പി.പി.ദിനേശൻ മാസ്റ്റർ നിർവഹിച്ചു.
കുടുംബശ്രീക്കുള്ള ഉപഹാരം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത മയ്യിൽ പഞ്ചായത്ത് കൺവീനർ എൻ.കെ.രാജനും പഞ്ചായത്ത് കോ ഓർഡിനേറ്റർക്കുള്ള ഉപഹാരം കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ പി.സുപ്രിയയും നൽകി.
ജില്ലാ പഞ്ചായത്ത് അംഗം എൻ.വി.ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി.ഓമന, മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി.രാമചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.പ്രീത, വി.വി.അനിത, രവി മാണിക്കോത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ബിജു വേളം, സി ഡി.എസ് ചെയർപേഴ്സൺ വി.പി.രതി, പഞ്ചായത്ത് സെക്രട്ടറി ബിന്റി ലക്ഷ്മണൻ, മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി വി മോഹനൻ, മയ്യിൽ ഗവ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എം.കെ.അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.