
യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പദവിയിൽ കാലാവധി പൂർത്തിയാക്കിയ ഒരാൾക്ക് പുനർനിയമനം നൽകിയിട്ടില്ലാത്ത ചരിത്രം തിരുത്തിയാണ് സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ രണ്ടാമതും വി.സിയായി നിയമിക്കപ്പെട്ടത്. വലിയ രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ച ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ സുപ്രീംകോടതി ഇടപെട്ട് തീർപ്പ് കൽപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ശരിവച്ച ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സിയുടെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രൻ ആദ്യ കാലാവധി പൂർത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് നാലു വർഷത്തേക്ക് കൂടി പുനർനിയമനം നൽകി ചാൻസിലർ കൂടിയായ ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്.
അടി സർക്കാരിനും ഗവർണർക്കും
യഥാർത്ഥത്തിൽ വൈസ് ചാൻസിലർക്ക് പുനർനിയമനം നൽകി ഉത്തരവ് പുറപ്പെടുവിച്ചത് ഗവർണറാണെങ്കിലും സുപ്രീംകോടതിയുടെ വിധി ഗവർണർക്കുള്ള തിരിച്ചടിയല്ല. ഗവർണർ ഈ രീതിയിൽ നിയമനം നൽകിയത് ബാഹ്യ ഇടപെടലിന്റെ സമ്മർദ്ദം മൂലമാണെന്നാണ് കോടതി നിരീക്ഷിച്ചത്. സുപ്രീംകോടതിക്ക് ബോദ്ധ്യമായ ആ ബാഹ്യ ഇടപെടൽ ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നാണ്. ഗോപിനാഥ് രവീന്ദ്രന് പ്രായപരിധി കഴിഞ്ഞതോ പുനർനിയമിച്ചതോ അല്ല, മറിച്ച് നിയമനം നൽകിയ ചാൻസിലർ തന്റെ അധികാരം വിനിയോഗിക്കുന്നതിന് പകരം സർക്കാരിന്റെ ഇടപെടലിന് കീഴടങ്ങിയെന്ന കണ്ടെത്തലാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ബാഹ്യ ഇടപെടലിന് കീഴടങ്ങി തന്റെ അധികാരം അടിയറവ് വച്ച ഗവർണറെ സുപ്രീംകോടതി പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
2021 നവംബർ 23നാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറാക്കി ഗവർണർ പുനർനിയമനം നൽകിയത്. അതിന് തലേദിവസം ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണം എന്ന് ആവശ്യപ്പെട്ടും വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മറ്റിയെ പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് ചാൻസിലറായ ഗവർണർക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി കത്ത് നൽകിയിരുന്നു.
അദ്ദേഹത്തിന് പുനർനിയമനം നൽകിയതോടെ പുതിയ വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റിയെ ഗവർണർ പിരിച്ചു വിട്ടു. മാത്രമല്ല സമ്മർദം മൂലമാണ് വി.സി നിയമന ഉത്തരവിൽ ഒപ്പിട്ടതെന്ന് ഗവർണർ തുറന്നടിച്ചു. വി.സി. നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും സമ്മർദങ്ങൾക്ക് വിധേയനായി ചാൻസിലർ സ്ഥാനത്ത് തുടരാനാവില്ലെന്നും കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കി. എന്നാൽ ഗവർണറുടെ വാദത്തെ നിഷേധിച്ച് മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നെങ്കിലും ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വി.സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു എഴുതിയ കത്ത് പുറത്ത് വന്നതോടെ സർക്കാർ വീണ്ടും പ്രതിസന്ധിയിലായി. വി.സി നിയമനത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന നിഗമനത്തിലേക്കെത്താൻ കോടതി ഈ കത്ത് ഉൾപ്പെടെ പരിഗണിച്ചിരുന്നു. മാത്രമല്ല യൂണിവേഴ്സിറ്റി ചാൻസിലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസിലർക്കെതിരായി സത്യവാങ്‌മൂലവും നൽകിയിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ഗവർണർ പറയുമ്പോഴും അത് സർക്കാർ സമ്മർദ്ദമാണെന്നാണ് ഗവർണറുടെ വാദം. അതോടൊപ്പം മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം ശക്തമാക്കുകയും ചെയ്യുന്നുണ്ട്. ഗോപിനാഥ് രവീന്ദ്രന് പുനർനിയനം നൽകണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത് മന്ത്രി ആർ.ബിന്ദുവാണെങ്കിലും മുഖ്യമന്ത്രി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ആയുധമാക്കുന്നുവെന്നാണ് ഗവർണർ മുന്നോട്ട് വക്കുന്നത്.
ഗവർണർ കീഴ്പ്പെട്ടു സർക്കാർ തോറ്റു
കേസിൽ പ്രധാനമായും നാല് ചോദ്യങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. നിശ്ചതി കാലാവധിയുള്ള പദവികളിൽ പുനർനിയമനം സാദ്ധ്യമാണോ? പുനർ നിയമനത്തിന് 60 വയസ്സ് പ്രായപരിധി തടസ്സമാണോ? വി.സി നിയമനത്തിനുള്ള എല്ലാ നടപടിക്രമങ്ങളും പുനർനിയമനത്തിൽ പാലിക്കേണ്ടതുണ്ടോ? പുനർനിയമനത്തിൽ നിയമപരമായ തന്റെ അധികാരം ഉപയോഗിക്കാൻ ചാൻസലർക്ക് സാധിച്ചിട്ടുണ്ടോ? എന്നിവയാണ് ആ നാല് ചോദ്യങ്ങൾ. ഇവയിൽ ആദ്യ മൂന്നെണ്ണവും സർക്കാരിന് അനുകൂലമായ വന്നെങ്കിൽ നാലാമത്തെ ചോദ്യത്തിൽ അടി തെറ്റി. ചാൻസിലറായ ഗവർണർക്ക് തന്റെ വിവേചനാധികാരം ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന വസ്തുത കോടതിക്ക് ബോദ്ധ്യപ്പെട്ടതോടെ ഗോപിനാഥ് രവീന്ദ്രന്റെ സ്ഥാനം തെറിച്ചു. സർവകലാശാലകളിൽ രാഷ്ട്രീയമായ അധികാരം ഉപയോഗിച്ച് മേൽക്കൈ നേടാൻ ശ്രമിച്ച സർക്കാർ ജുഡീഷ്യറിയുടെ മുന്നിൽ കീഴടങ്ങി.
ആശങ്ക ചെറുതല്ല
സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണെങ്കിലും ഭരണകക്ഷിക്ക് താത്പര്യമുള്ള ആളുകളെ പല പദവികളിലും നിയമിക്കുന്ന രീതിയാണ് കാലങ്ങളായി നിലനിൽക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ഗോപിനാഥ് രവീന്ദ്രന്റെ വിഷയം കോടതി കയറിയത്. ഡോ. പ്രേമചന്ദ്രൻ കീഴോത്തും ഡോ. ഷിനു പി ജോസും പുനർനിയമനത്തിനെതിരെ ഹർജി ഫയൽ ചെയ്തപ്പോൾ സർക്കാരിന് തിരിച്ചടിയായ ഏക വിഷയം ഗവർണർക്ക് തന്റെ അധികാരം അടിയറവ് വെക്കേണ്ടി വന്നുവെന്ന കോടതിയുടെ കണ്ടെത്തലാണ്. പുനർനിയമന വ്യവസ്ഥയെ കോടതി എതിർത്തിരുന്നില്ല. സർക്കാരുമായി നല്ല സ്വരച്ചേർച്ചയിലുള്ള ഗവർണറായിരുന്നു ഡോ. ആരിഫ് മുഹമ്മദ് ഖാൻ എങ്കിൽ ഗോപിനാഥ് രവീന്ദ്രന്റെ രാഷ്ട്രീയ നിയമനം റദ്ദാക്കാൻ കോടതിക്ക് സാധിക്കുമായിരുന്നില്ല. സർക്കാർ സംവിധാനങ്ങൾ ഒന്നാകെ ഭരിക്കുന്ന പാർട്ടിയുടെ താത്പര്യങ്ങൾക്ക് വിധേയപ്പെട്ട് നിലകൊള്ളണം എന്ന നിലപാട് ശരിയല്ല. ഗവർണർ സംഘപരിവാറിന്റെ ഏജന്റിനെ പോലെയാണ് പ്രവർത്തിക്കുന്ന് എന്ന വാദമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. അത് സർക്കാർ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഗവർണർ തയ്യാറാകാത്തത് കൊണ്ടല്ലേ എന്നാണ് ബി.ജെ.പിയുടെ വാദം. അവിടെ സർക്കാരിന് ഉത്തരം മുട്ടുകയാണ്. ഭരണകാലയളവിൽ സംസ്ഥാനത്തിനകത്തെ മുഴുവൻ സംവിധാനങ്ങളേയും നിയന്ത്രിക്കാൻ ഒരു ഭരണകൂടം ഇറങ്ങി പുറപ്പെടുന്നത് ആ സ്ഥാപനങ്ങളുടെ സ്വാഭാവികമായ മുന്നേറ്റത്തിന് തടസമുണ്ടാക്കും. മാത്രമല്ല രാഷ്ട്രീയ നിയമനങ്ങൾക്ക് എന്നും ഒരു അടിമ മനോഭാവം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. വിദ്യാഭ്യാസ മേഖല നാടിന്റെ പുരോഗതിയെ നിശ്ചയിക്കുന്ന തലമുറയെ വാർത്തെടുക്കുന്ന കളരിയാണ്. അവിടെ അക്കാദമിക താത്പര്യങ്ങളാണ് ഉയർന്നു നിൽക്കേണ്ടത്. സുപ്രീംകോടതിയുടെ വിധി അത്തരം പുനർവിചിന്തനത്തിനുള്ള സന്ദേശമാണ് നൽകുന്നത്.