kavile-patt

തൃക്കരിപ്പൂർ: കടൽ കടന്നെത്തിയേ ദേവസങ്കൽപ്പങ്ങളുടെ ഐതിഹ്യ പ്പെരുമ വിളിച്ചോതി കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ കാട്ടിലെ പാട്ട്. ദേശാധിപനായ ഉദിനൂർ ശ്രീ ക്ഷേത്രപാലകന്റെ തിരുസന്നിധിയിൽ നിന്ന് ദ്വീപവും തിരിയും എഴുന്നള്ളിച്ചതോടെ ആരംഭിച്ച പാട്ടുത്സവത്തിന്റ നാലാം ദിനത്തിലാണ് ആരൂഡ സ്ഥാനമായ ഇടയിലക്കാട് കാവിലേക്കുള്ള ആചാരപ്പെരുമയോടെയുള്ള എഴുന്നള്ളത്തും കാട്ടിലെ പാട്ടും നടന്നത്.

രാവിലെ ക്ഷേത്രത്തിൽ നടന്ന പൂജാദി കർമ്മങ്ങൾക്ക് ശേഷം ദേവ നർത്തകർ , സ്ഥാനികർ, വാല്യക്കാർ വിശ്വാസികളടങ്ങുന്ന ക്ഷേത്ര സംഘം ചെണ്ടമേളങ്ങളുടെയും കരിമരുന്ന് പ്രയോഗങ്ങളുടെയും അകമ്പടിയോടെ വരവറിയിച്ചാണ് ഇടയിലക്കാട് ദ്വീപിലേക്ക് പുറപ്പെട്ടത്. വഴി മദ്ധ്യേ ചവേല കൊവ്വലിൽ ഛത്ര നർത്തകർ വലംചുറ്റി സാന്നിദ്ധ്യമറിയിച്ചു. തുടർന്ന് കുറുവാപ്പള്ളിയിലെത്തി ആയിറ്റി ഭഗവതിയുടെ ഛത്രം മതിലിനകത്ത് പ്രവേശിപ്പിച്ച് ദേവനർത്തകരുടെ ആടയാഭരണങ്ങൾ കൊണ്ട് വന്ന ചെമ്പു വട്ട ക്ഷേത്രനടയിൽ വെച്ച് വെളിച്ചപ്പാടന്മാർ ഉപചാരം ചൊല്ലിയ ശേഷം ക്ഷേത്ര സംഘം ആയിറ്റിക്കാവിലേക്കും തുടർന്ന് ഇടയിലക്കാട്ടിലേക്കും പുറപ്പെടുകയായിരുന്നു. രണ്ടു ചങ്ങാടങ്ങൾ കൂട്ടിക്കെട്ടിയാണ് പുഴ കടന്ന് സംഘം എഴുന്നള്ളിയത്. നിലവിൽ പുഴ കടക്കാൻ വെള്ളാപ്പിൽ ബണ്ട് സൗകര്യമുണ്ടെങ്കിലും പ്രാചീന കാലം മുതൽ തുടർന്നു വരുന്ന ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരാതിരിക്കാനാണ് ചങ്ങാടത്തിലൂടെ കായൽ യാത്ര തുടരുന്നത്. തിരുവായുധങ്ങളുമേന്തി ആടയാഭരണങ്ങളണിഞ് പട്ടുടുത്ത് ചിലങ്കയണിഞ്ഞ ദേവ നർത്തകരുടെ കായൽപ്പരപ്പിലൂടെയുള്ള ഈ അപൂർവ്വ യാത്രയുടെ ദർശന പുണ്യത്തിനായി വിദൂരങ്ങളിൽ നിന്നുള്ള വിശ്വാസ സമൂഹം കായലോരത്തും പരിസരങ്ങളിലുമായി നിലയുറപ്പിച്ചിരുന്നു.

ഉച്ചയോടെ കാട്ടിലെത്തിയ പയ്യക്കാൽ സംഘം അവിടുത്തെ പാട്ടടക്കമുള്ള അനുഷ്ഠാന കർമ്മങ്ങൾക്ക് ശേഷം വൈകീട്ടോടെ ക്ഷേത്രത്തിൽ തിരിച്ചെത്തിയയാണ് നാലാംദിവസത്തെ ചടങ്ങ് അവസാനിച്ചത്.നൂറ്റെട്ട് അഴികടന്നെത്തിയ പയ്യക്കാൽ ഭഗവതിയടക്കമുള്ള ദേവതമാരുടെ വളരെ സങ്കീർണ്ണമായ യാത്രാ ചരിത്രത്തിന്റെ വർണ്ണനയാണ് പാട്ടുത്സവത്തിൽ മരക്കലപ്പാട്ടിലൂടെ അനുഷ്ഠാന കലാകാരന്മാർ പാടി അവതരിപ്പിക്കുന്നത്.