house-surgeon-strike

പണിമുടക്ക് നാലാംനാളിലേക്ക്

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഹൗസ് സർജൻമാരുടെ തികച്ചും ന്യായമായ പണിമുടക്കിന് അടിയന്തിര പരിഹാരം കാണാൻ ഗവൺമെന്റ് തയ്യാറാവണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.ജോസഫ് ബനവൻ. ഹൗസ് സർജൻമാരുടെ സമരത്തെ ഐ.എം.എ പൂർണമായി പിന്തുണക്കുന്നുവെന്നും ആവശ്യങ്ങൾ അംഗീകരിച്ചുകിട്ടാൻ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ഇടപ്പെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡോ.ജോസഫ് ബനവൻ ആരോഗ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി അനിശ്ചിതകാല സമരം തുടരുന്ന ഹൗസ് സർജൻമാരെ സമരപ്പന്തലിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരൻ, പരിയാരം ഐ.എം.എ പ്രസിഡന്റ് ഡോ.കെ.മാധവൻ എന്നിവർ പ്രസംഗിച്ചു.

ഡിസംബർ 4 മുതൽ നടത്തിവരുന്ന സമരം ഇന്നേക്ക് നാലാം ദിവസത്തേക്ക് കടക്കും.ഇതുവരെ ഒത്തുതീർപ്പിനുള്ള യാതൊരു നീക്കങ്ങളും ഉണ്ടായിട്ടില്ല. ഡോ.നീരജ കൃഷ്ണൻ, ഡോ.സൗരവ് സുരേഷ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. പണിമുടക്കിയ ഹൗസ് സർജ്ജന്മാർ അഡ്മിനിസ്റ്റീവ് ബ്ലോക്കിന് മുന്നിൽ കുത്തിയിരിപ്പ് നടത്തുകയാണിപ്പോൾ. സമരപ്പന്തൽ പൊളിച്ചു മാറ്റണം എന്ന് പ്രിൻസിപ്പൽ പന്തലിൽ നോട്ടീസ് പതിച്ചിട്ടുണ്ടെങ്കിലും സമരം നടത്തുന്ന ഹൗസ് സർജൻമാർ അതിന് തയ്യാറായിട്ടില്ല തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് ഇവരുടെ പ്രഖ്യാപനം. ഇതിനിടെ സമരം ആശുപത്രിയിലെ കാഷ്വാലിറ്റി ഇൻ പേഷ്യന്റ് വിഭാഗങ്ങളെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്.