
കൊട്ടിയൂർ: അമ്പായത്തോട് ബോയ്സ് ടൗൺ റോഡ് പുനർനിർമാണത്തിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സർവേ തുടങ്ങി. ഹിൽ ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി 38 കോടി രൂപ ചിലവിൽ അമ്പായത്തോട് മുതൽ ബോയ്സ് ടൗൺ വരെ 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്.
അമ്പായത്തോട് മുതൽ പാൽച്ചുരം ആശ്രമം ജംക്ഷൻ വരെയുള്ള റോഡിന്റെ മദ്ധ്യത്തിൽ നിന്നും ഇരുവശത്തേക്കും 6 മീറ്റർ വീതം അളന്ന് കുറ്റി വച്ചതിന് ശേഷം കൺസെന്റ് ഫോം അതത് സ്ഥലം ഉടമയ്ക്ക് നൽകുന്ന നടപടിയാണ് ഇന്നലെ ആരംഭിച്ചത്. കിഫ്ബി ഉദ്യോഗസ്ഥരും കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിലും,കൺവീനർ ഷേർളി പടിയാനിക്കലും നാട്ടുകാരും സർവേയിൽ പങ്കെടുത്തു.
സൗജന്യമായാണ് സ്ഥലം ഏറ്റെടുക്കുന്നത്.സർവേയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഭരണാനുമതിക്കായി സമർപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
സർവേ രണ്ട് ദിവസം കൊണ്ട് പൂർത്തിയാകും.പിന്നാലെ സാങ്കേതിക അനുമതി ലഭിക്കുമെന്നും തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും. അടുത്ത മഴക്കാലത്തിന് മുമ്പ് പ്രവൃത്തി ആരംഭിക്കും-കെ.ആർ.എഫ്.ബി അസി.എക്സിക്യുട്ടീവ് എൻജിനിയർ പി.സജിത്ത്