കാസർകോട്: പൊലീസ് പിന്തുടർന്നതിനെ തുടർന്നുണ്ടായ കാറപകടത്തിൽ പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എസ്.ഐക്കും രണ്ട് പൊലീസുകാർക്കുമെതിരെ കോടതി നരഹത്യക്ക് കേസെടുത്തു. അംഗഡിമുഗർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കുമ്പള പേരാൽ കണ്ണൂരിലെ ഫർഹാസ് (17) മരിച്ച സംഭവത്തിലാണ് മുൻ കുമ്പള എസ്.ഐ എസ്.ആർ രജിത്, സിവിൽ പൊലീസ് ഓഫീസർമാരായ ടി ദീപു, പി രഞ്ജിത് എന്നിവർക്കെതിരെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി കേസെടുത്തത്.

ഫർഹാസിന്റെ മാതാവ് സഫിയ നൽകിയ ഹരജിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. ഫർഹാസിന്റെ മരണവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. അന്വേഷണവും കോടതി നേരിട്ട് നടത്തും. കേസിലെ ആറ് ദൃക്സാക്ഷികൾ കോടതിയിൽ ഹാജരായിരുന്നു. ഇവരോട് 2024 ജനുവരി ആറിന് വീണ്ടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. 2023 ആഗസ്റ്റ് 25ന് അംഗഡിമുഗർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. പരിപാടി കഴിഞ്ഞ് പള്ളിയിലേക്ക് പോകാനായി ഫർഹാസും സുഹൃത്തുക്കളായ നാല് വിദ്യാർത്ഥികളും കാറിൽ ഇരിക്കുമ്പോൾ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഡോറിൽ ഇടിച്ച് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ കാറോടിച്ച് പോകുമ്പോൾ പിന്നാലെ പൊലീസ് ജീപ്പിൽ പിന്തുടർന്നതിനെ തുടർന്ന് കട്ടത്തടുക്ക വികാസ് നഗറിന് സമീപം റോഡരികിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുവെന്നും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫർഹാസ് മംഗളൂരു ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെ ആഗസ്ത് 29ന് മരണപ്പെട്ടുവെന്നുമാണ് കേസ്.

വാദിഭാഗത്തിനുവേണ്ടി അഡ്വ. സജൽ ഇബ്രാഹിം, അഡ്വ. ജുനൈദ്, അഡ്വ. അജാസ് സലീം എന്നിവർ ഹാജരായി. ഫർഹാസ് അപകടത്തിൽപെട്ടതിനെതുടർന്ന് പൊലീസ് സ്റ്റേഷൻ ഉപരോധം അടക്കമുള്ള സമരപരിപാടികൾ നടത്തിയിരുന്നു. ഫർഹാസിന്റെ മരണം സംഭവിച്ചതോടെ മാതാവ് സഫിയ മനുഷ്യാവകാശകമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. പൊലീസിന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു