
കണ്ണൂർ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ നൂറ്റാണ്ടിലെ ഹിറ്റ്ലർ ആണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പാലസ്തീൻ ഐക്യദാർഢ്യ സമിതി കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളും സ്ത്രീകളുമടക്കമുള്ള മനുഷ്യരുടെ കൂട്ടക്കുരുതിയാണ് ഗാസയിൽ ഇസ്രായേൽ നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും ആക്രമിക്കപ്പെടുന്നു. പതിനാറായിരം ആളുകൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാൽപ്പതിനായിരത്തിലധികം ആളുകൾക്ക് മാരകമായി പരിക്കേറ്റു. ഈ കുറ്റങ്ങളുടെ പേരിൽ നെതന്യാഹുവിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വിചാരണ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
പണ്ടുമുതൽ പാലസ്തീന് അനുകൂലമായിരുന്ന ഇന്ത്യ ഇന്ന് ഇസ്രയിലിനൊപ്പമാണെന്നത് നാണക്കേടാണ്. മുസ്ലീം വിരുദ്ധത ആളിക്കത്തിക്കാനാണ് നരേന്ദ്രമോദിയും ആർ.എസ്.എസും പലസ്തീൻ വിഷയം ഉപയോഗിക്കുന്നത്. പലസ്തീൻ പോരാളികളെ തീവ്രവാദികളായാണ് നരേന്ദ്ര മോദി ചിത്രീകരിക്കുന്നത്. പാലസ്തീൻ കൂട്ടകുരുതി അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ത്യൻ പാർലമെന്റ് മുന്നോട്ട് വെക്കണമെന്നാണ് സി.പി.എം പറയുന്നത്. ഈ വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നത് അവർ ബി.ജെ.പിക്ക് അനുകൂലമായതുകൊണ്ടാണോ എന്നും ബൃന്ദ കാരാട്ട് ചോദിച്ചു.സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.
എൻ. അലി അബ്ദുള്ള, മൊയ്തു നിസാമി, ഡോ.ഹുസൈൻ മടവൂർ, ഫാ.മാത്യു വാഴക്കുന്നം, ധർമ്മചൈതന്യസ്വാമി, പന്ന്യൻ രവീന്ദ്രൻ, ഡോ.ഫസൽ ഗഫൂർ, കെ.എസ്. ഹംസ, പി.കെ.ശ്രീമതി, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ഇസ്മയിൽ കരിയാട്, കെ.കെ ശൈലജ എം.എൽ.എ, കെ.പി.മോഹനൻ എം.എൽ.എ, സി പി.സലിം, എം.വി.ജയരാജൻ എന്നിവർ പ്രസംഗിച്ചു.