
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന വിമാനത്തിൽ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കും തിരികെയും യാത്ര ചെയ്തവരുടെ കൂട്ടായ്മയായ ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി, വിമാനത്താവളത്തിന്റെ വാർഷികത്തോടനുബന്ധിച്ച്
ഗോവയിലെ പുതിയ വിമാനത്താവളമായ മോപ്പയിലേക്ക് യാത്ര ചെയ്യും. കണ്ണൂരിനു ശേഷം പ്രവർത്തനം ആരംഭിച്ച മോപ്പയിൽ വിദേശവിമാനങ്ങൾക്ക് അനുമതി ലഭിച്ച സാഹചര്യം മനസിലാക്കാനും ഇത് കണ്ണൂരിന് ഗുണകരമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുകയുമാണ് യാത്രയുടെ ലക്ഷ്യങ്ങളിലൊന്ന്. ഗോവയിലെ വിവിധ ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവരുമായും ചർച്ച നടത്തി യൂറോപ്പിൽ നിന്ന് ഗോവയിൽ എത്തുന്ന വിനോദസഞ്ചാരികളെ കണ്ണൂരിലേക്ക് ആകർഷിക്കാൻ ധാരണയുണ്ടാക്കുമെന്നും ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി പ്രസിഡന്റ് കെ.എസ്.എ അബ്ദുൾ ലത്തീഫ്, എസ്.കെ ഷംസീർ, കെ.വി ബഷീർ, ആർ.വി ജയദേവൻ, ടി.വി മധുകുമാർ, റഷീദ് കുഞ്ഞിപ്പാറാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.