തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിവസം പിന്നിടുമ്പോൾ വേദികളെല്ലാം കലാവിരുന്നിൽ അലിഞ്ഞുചേരുന്ന കാഴ്ചയാണ്. നൃത്ത ഇനങ്ങളെല്ലാം ആസ്വദിക്കുന്നതിന് വലിയ ജനക്കൂട്ടമാണ് ഒഴുകിയെത്തുന്നത്. വേദികൾ നിറയുമ്പോൾ മത്സരാർത്ഥികളിലും ആവേശം നിറയുകയാണ്. തലശ്ശേരിയാകെ ഇതിന്റെ അലയൊലി അറിയാം.
ഹയർസെക്കൻഡറി വിഭാഗത്തിൽ കണ്ണൂർ നോർത്തും, ഹൈസ്‌കൂൾ വിഭാഗത്തിൽ മമ്പറം ഹയർ സെക്കൻഡറിയുമാണ് മത്സരം പുരോഗമിക്കുമ്പോൾ മുന്നിൽ. ഹയർസെക്കൻഡറിയിൽ കണ്ണൂർ നോർത്ത് (568), പയ്യന്നൂർ (499), തളിപ്പറമ്പ് നോർത്ത് (497)എന്നിങ്ങനെയാണ് പോയിന്റ് നില. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ മമ്പറം ഹൈസ്‌കൂൾ (280), രാജീവ് ഗാന്ധി മൊകേരി (197) , എ.കെ.ജി. പെരളശ്ശേരി (177) എന്നിങ്ങനെ സ്കൂൾ പോയിന്റുകൾ നേടി.
ഇക്കഴിഞ്ഞ അഞ്ചിന് തുടങ്ങിയ കലോത്സവം 9 ന് വൈകീട്ട് സമാപിക്കും. 17 വേദികളിലായി 8639പ്രതിഭകളാണ് മാറ്റുരക്കുന്നത്. 9 ന് ശനിയാഴ്ച വൈകിട്ട് 4 ന് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കുന്ന സമാപന സമ്മേളനം വടകര എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ എം.എൽ.എ. രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. വേദിയിൽ വച്ച് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ സമ്മാന വിതരണവും നഗരസഭാ ചെയർ പേഴ്സൺ കെ.എം.ജമുനാ റാണി ഉപഹാര സമർപ്പണവും നടത്തും.