sobhana-2

കണ്ണൂർ: രോഗവും ശാരീരിക അവശതകളും തളർത്തിയ മനുഷ്യരിലൂടെയുള്ള ശോഭനയുടെ യാത്രയ്‌ക്കിത് പതിനേഴാം വയസ്. കോളേജ് അദ്ധ്യാപികയായിരുന്ന സഹോദര ഭാര്യ ഡോ. പാർവതി 2006ൽ കാൻസർ ബാധിച്ച് മരിച്ചതിനെ തുടർന്നാണ് തളിപ്പറമ്പ് കൂവോട് സ്വദേശി ശോഭന രോഗീ പരിചരണത്തിനിറങ്ങിയത്. ഇതിനായി സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപന ജോലിയും സ്വന്തം ട്രെയിനിംഗ് സെന്ററിലെ അബാക്കസ് പരിശീലനവും ഉപേക്ഷിച്ച ശോഭന അവിവാഹിതയുമാണ്.

ബാങ്ക് ഉദ്യോഗസ്ഥനായ സി. വിജയനും സഹോദരിയുടെ സാന്ത്വനയാത്രയ്ക്ക് പിന്നിലുണ്ട്. സഞ്ജീവനി സാന്ത്വനവീട് എന്ന ട്രസ്റ്റ് രൂപീകരിച്ചാണ് പ്രവർത്തനം. രാവിലെ 8.30ന് വീട്ടിൽ നിന്നിറങ്ങിയാൽ 25 മുതൽ 30 വരെ രോഗികളുടെ അടുത്ത് ശോഭനയെത്തും. രാത്രി ഒമ്പത് മണിയോടെയാണ് മടക്കം. ദിവസവും 150 കിലോമീറ്റർ നീളും യാത്ര. ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ അടക്കമുള്ള സംഘം ശോഭനയുടെ വിളിപ്പുറത്തുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിലെ അഞ്ചംഗ നഴ്സിംഗ് വിദ്യാർത്ഥികളും ഊഴമിട്ട് ഒപ്പമുണ്ടാകും. രോഗികളെ കാണുന്നതിന് ശോഭനയ്ക്ക് ദിവസവും റൂട്ട് മാപ്പുണ്ട്.

 സഹായം നാണയപ്പെട്ടികളിലൂടെ

നാട്ടിലെ കടകളിൽ സ്ഥാപിച്ച ചെറിയ നാണയപ്പെട്ടികളിലൂടെയാണ് ശോഭന രോഗികളെ സഹായിക്കുന്നത്. ഇങ്ങനെ നരകിക്കാതെ മരിക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് ചോദിക്കുന്നവരെ കൗൺസലിംഗ് നൽകി ജീവിതത്തിലേക്ക് മടക്കാനും ശോഭനയ്‌ക്കാകുന്നുണ്ട്. ചികിത്സയ്ക്ക് സാധിക്കാത്ത കാര്യം എങ്ങനെ പരിഹരിച്ചെന്ന് ഡോക്ടർമാർ ചോദിച്ച അനുഭവവും ഇവർക്കുണ്ട്. പരിചരണത്തിലൂടെ തിരികെയെത്തിയവരുടെ ഒരു സംഗമം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണിവർ. അവർക്ക് സമ്മാനം കൊടുത്ത് സന്തോഷത്തോടെ യാത്രയാക്കണമെന്ന ആഗ്രഹവും ശോഭനയ്‌ക്കുണ്ട്.