corparation

കണ്ണൂർ: വാർദ്ധക്യപെൻഷൻ വാങ്ങുന്നവരുടെ ആധാർ ഓതന്റിഫിക്കേഷൻ പൂർത്തിയാക്കാൻ സമയപരിധി നീട്ടണമെന്നുമാവശ്യപ്പെട്ടുള്ള ചർച്ചയിന്മേൽ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റം. കോർപ്പറേഷനിലെ ഓരോ ഡിവിഷനിലും നിരവധിയാളുകൾ ആധാർ പ്രമാണീകരണം ചെയ്യാൻ ബാക്കിയുണ്ടെന്നും സമയം നീട്ടിനൽകണമെന്നുമാണ് ഭരണപക്ഷം സർക്കാരിന് മുന്നിൽ വച്ച നിർദ്ദേശം.

ഭരണപക്ഷ കൗൺസിലർ കെ.പി.അബ്ദുൽ റസാഖാണ് വിഷയം കൗൺസിലിൽ ചർച്ചയായത്. ഓതന്റിഫിക്കേഷൻ പൂർത്തിയാക്കേണ്ട അവസാന തിയതി ഇന്നായിരുന്നു. സർക്കാരിന്റെ പുതിയ ഒരു ഓർഡർ ഉണ്ടെന്നും അതുപ്രകാരം 20 വരേ നീട്ടിയിട്ടുണ്ടെന്നും പ്രതിപക്ഷ അംഗം കെ.പ്രദീപന്റെ വാദം . മേയറും യു.ഡി.എഫ് കൗൺസിലർമാരും നിഷേധിച്ചു. മസ്റ്ററിംഗ് നടത്താനുള്ള സമയപരിധിയാണ് 20 വരേ നീട്ടിയതെന്നാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഷമീമ വിശദീകരിച്ചത്.

യു.ഡി.എഫ് ഭരിക്കുമ്പോൾ പെൻഷൻ 18 മാസം കുടിശികയായിരുന്ന കാലത്ത് ഈ പ്രതിഷേധം കണ്ടില്ലല്ലോയെന്ന കുത്തുവാക്കും പ്രതിപക്ഷനിരയിൽ നിന്നും വന്നു. അഞ്ചുമാസമായി വിധവ-അവിവാഹിത പെൻഷൻ ലഭിക്കുന്നില്ലെന്നും ഭരണപക്ഷം കുറ്റപ്പെടുത്തി. സാമൂഹിക സുരക്ഷാപെൻഷനുകൾ കൃത്യമായ ലഭിക്കുന്നത് ഉറപ്പ് വരുത്തണമെന്നും ആധാർ ഓതന്റിഫിക്കേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് മുൻകാല്യ പ്രാബല്യത്തോടെ പെൻഷൻ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.

പയ്യാമ്പലത്ത് ടേക്ക് എ ബ്രേക്കിന് അനുമതി

പയ്യാമ്പലത്ത് ടേക്ക് എ ബ്രേക്ക് മാതൃകയിൽ ശൗചാലയം നിർമ്മിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്ന് മേയർ ടി.ഒ.മോഹനനൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. മുമ്പ് കുതിരാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തായിരിക്കും ശൗചാലയം സ്ഥാപിക്കുന്നത്. ഇതിന്റെ ടെൻഡർ നേരത്തെ പൂർത്തിയായി.

പയ്യാമ്പലത്ത് പ്രതീക്ഷയെന്ന് മേയർ

കെ.എം.ഷാജി എം.എൽ.എ ആയിരുന്ന സമയത്ത് പയ്യാമ്പലത്തെ നവീകരണത്തിന് വേണ്ടി മൂന്നുകോടി രൂപയോളം അനുവദിച്ചിരുന്നു. ഇതിന് വേണ്ടി കൃത്യമായ ഡി.പി.ആർ തയാറാക്കുകയും കോർപറേഷനിൽ നിന്ന് സി.ആർ.സെഡ് അനുമതിക്കായി തിരുവന്തപുരത്തേക്ക് അയക്കുകയും ചെയ്തതാണ്. എന്നാൽ ഇപ്പോഴും അതിൽ നടപടി ഒന്നുമുണ്ടായില്ലെന്ന് മേയർ പറഞ്ഞു. ഇപ്പോൾ പുതിയ ഒരു റിപ്പോർട്ട് തയാറാക്കി അയക്കാൻ വീണ്ടും കോർപറേഷനിലേക്ക് അയച്ചിട്ടുണ്ട്. ഒരു ഏജൻസി മുഖാന്തിരമാണ് റിപ്പോർട്ട് തയാറാക്കേണ്ടത്. ഇത് പ്രതീക്ഷ നൽകുന്നതാണെന്നും മേയർ പറഞ്ഞു. പയ്യാമ്പലത്തെ ശാന്തിതീരത്ത് ശവദാഹത്തിനായി പരമാവധി വിറക് ഒഴിവാക്കി ഗ്യാസ് ക്രിമിറ്റോറിയം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും മേയർ ടി.ഒ മോഹനൻ അഭിപ്രായപ്പെട്ടു.