kannur-medi

പിന്തുണയുമായി എസ്.എഫ്.ഐയും

പരിയാരം: അഞ്ചുദിവസമായി തുടരുന്ന കണ്ണൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ പണിമുടക്ക് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമായി. ഹൗസ് സർജൻമാരുടെ സമരം തങ്ങളുടെ ജോലിഭാരം വർദ്ധിപ്പിച്ചിരിക്കയാണെന്നും ഇത്തരത്തിൽ മുന്നോട്ടുപോയാൽ തങ്ങളും പണിമുടക്കിന് നിർബന്ധിതരായി തീരുമെന്നും കേരളാ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ കെ.ആർ.ഉമാദേവി, കേരളാ ഗവ.നഴ്സസ് യൂണിയൻ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡന്റ് റോബിൻ ബേബി എന്നിവരും പ്രിൻസിപ്പാളിന് കത്ത് നൽകി.

ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത് ഭാരിച്ച പ്രയത്നമായി മാറിയിരിക്കയാണെന്നും ഇനിയും തങ്ങൾക്ക് ഇത് തുടരാനാവില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ എൻ.ജി.ഒ അസോസിയേഷൻ പരിയാരം ബ്രാഞ്ച് സെക്രട്ടറി യു.കെ.മനോഹരൻ സമരം അടിയന്തിരമായി ഒത്തുതീർക്കുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡയരക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന് അടിയന്തിര സന്ദേശമയച്ചു. ഇന്ന് ആറാം ദിവസത്തേക്ക് കടക്കുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർതലത്തിൽ കാര്യമായ നീക്കങ്ങളൊന്നും തന്നെ നടക്കാത്ത സാഹചര്യത്തിൽ പി.ജി.അസോസിയേഷൻ കൂടി പണിമുടക്കിൽ പങ്കെടുത്ത് സമരം സജീവമാക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്.

എസ്.എഫ്.ഐ ജില്ലാ നേതാക്കളും ഇന്നലെ വൈകുന്നേരം സമരപ്പന്തലിലെത്തി ഹൗസ് സർജൻമാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ധനകാര്യ സെക്രട്ടറിയുമായി ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് ചർച്ച നടത്താനുള്ള സംവിധാനമൊരുക്കുമെന്ന് എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം വൈഷ്ണവ്, കണ്ണൂർ ജില്ലാ സെക്രട്ടറി സഞ്ജീവ് എന്നിവരാണ് സമരപന്തലിലെത്തി ഹൗസ് സർജൻമാരുടെ സമരത്തിന് പിന്തുണയറിയിച്ചത്.