valapattanam

പാപ്പിനിശ്ശേരി:ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി വളപട്ടണം പുഴയിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തിയ്ക്ക് വേഗത കൂട്ടി. കൂറ്റൻ ബാർജ് പുഴയിൽ ഇറക്കി നൂതന സാങ്കേതിക വിദ്യയിലൂടെയുള്ള നിർമ്മാണം പുരോഗമിക്കുകയാണ്. പാപ്പിനിശേരി തുരുത്തിയേയും ചിറക്കൽ പഞ്ചായത്തിലെ കോട്ടക്കുന്നിനേയും ബന്ധിപ്പിച്ചാണ് വളപട്ടണം പുഴക്ക് കുറുകെ പുതിയ പാലം ഉയരുന്നത്.

നിലവിൽ തളിപ്പറമ്പ് -കണ്ണൂർ ദേശീയപാതയിലെ വളപട്ടണം പാലത്തെക്കാൾ ഏറെ നീളമുള്ളതാണ് പുതിയ പാലം. പുഴയിൽ 32 മീറ്റർ താഴ്ചയിൽ പൈലിംഗ് നടത്തിയാണ് പാറയുടെ സ്ഥാനം കണ്ടെത്തിയത്. തുരുത്തിയിൽ പുഴയിലെ മണ്ണിടൽ പൂർത്തിയായി. പാലത്തിന്റെ നീളത്തിന് കണക്കാക്കി പുഴയിലെ 12 തൂണുകളുടെ പൈലിംഗ് ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്.

കോട്ടക്കുന്ന് ഭാഗത്തും തുരുത്തി ഭാഗത്തുമായി കരയിൽ 16 തൂണുകളുടെ നിർമ്മാണമാണ് നടക്കുന്നത്. തുരുത്തിയിൽ നിന്നും കോട്ടക്കുന്നിലേക്ക് പാലത്തെ ബന്ധിപ്പിക്കുമ്പോൾ പുതിയതെരു കാട്ടാമ്പള്ളി റോഡ്, കീരിയാട് എന്നിവിടങ്ങളിൽ പാലത്തിന് അടിഭാഗത്തായി അടിപ്പാതയും നിർമ്മിക്കും.തുരുത്തി പുഴയിൽ പാലത്തിന്റെ ജോലികൾക്ക് സാമഗ്രകളിൽ കൊണ്ട് പോകുന്നതിനും ക്രെയിൻ അടക്കമാണ് ബാർജിൽ ഉള്ളത്. പരശുരാമ എന്ന പേരിട്ട ബാർജ് വഴി പുഴയിലെ പൈലിംഗ് കൂടി നടത്തും. ഇതോടെ ഇരുവശത്ത് നിന്നും പുഴയിലെ പാലത്തിന്റെ ജോലികൾ സുഗമമായി നടത്താനാകും.

മഹാപ്രളയവും തൊടില്ല

ആദ്യ അലയിൻമെന്റിൽ നിന്ന് പാലത്തിന്റെ മദ്ധ്യത്തിലുള്ള ഒരു സ്പാൻ 50 മീറ്റർ നീട്ടിയും ഏറ്റവും ഉയർന്ന വെള്ളപ്പൊക്കമുണ്ടായ നിലയിൽ നിന്നും ആറ് മീറ്റർ ഉയർത്തിയുമുള്ള മാറ്റം വരുത്തിയിരുന്നു. മറ്റ് സ്പാനുകളും സമാനമായ രീതിയിൽ ഉയർത്തുമ്പോൾ നീളത്തിലും മാറ്റമുണ്ടാകും.പാലത്തിന്റെ പഴയ രൂപരേഖ പ്രകാരം നീളം 578 മീറ്റർ ആയിരുന്നു. എന്നാൽ പുതിയ രൂപരേഖയിൽ 700 മീറ്ററായി കൂടും. പുതിയ പാലത്തിന്റെ സ്പാനുകളും അപ്രാച്ച് റോഡുകളുടെ നീളവുമടക്കം പാലത്തിന്റെ നീളം ഒരു കി.മീ ആയി കൂടും. 130 കോടിയായിരുന്ന എസ്റ്റിമേറ്റ് പുതിയ അലൈമെന്റ് പ്രകാരം 190 കോടിയായി ഉയർന്നിട്ടുണ്ട്.ദേശീയ പാതയിൽ നിലവിൽ ഉള്ള പാലത്തിന് അര കി.മീ മാത്രമാണ് ദൈർഘ്യമുള്ളത്.


പുതിയ വളപട്ടണം പാലം
നീളം 700 മീറ്റർ

ചിലവ് 190 കോടി