
ജനറൽ കോച്ചിൽ ഇരിപ്പിടം -78
നിലവിൽ കയറുന്നത് 180
കണ്ണൂർ: ദക്ഷിണ റെയിൽവെയുടെ അവഗണന ഉത്തരമലബാറുകാരുടെ ട്രെയിൻ യാത്ര ദുസ്സഹമാക്കുന്നു. വൈകിയോടുന്ന എണ്ണത്തിൽ പരിമിതമായ ട്രെയിനുകളും കുത്തിനിറച്ച ബോഗികളുമായി യാത്രക്കാരെ ശാരീരികമായും മാനസികമായും തളർത്തുകയാണ് റെയിൽവേ അധികൃതർ
തൊഴിൽ സ്ഥാപനത്തിൽ കൃത്യസമയത്ത് എത്താനോ തിരികെ വീട്ടിലെത്താനോ കഴിയാത്ത വിധത്തിലേക്കാണ്
നിലവിൽ ട്രെയിനുകളുടെ ഓട്ടം. പുറപ്പെട്ട വണ്ടികൾ പോലും വന്ദേഭാരതിന്റെ സുഗമയാത്രയ്ക്കായി പലയിടത്തും മണിക്കൂറുകളോളം പിടിച്ചിടുകയാണ്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളടക്കമുള്ള യാത്രക്കാർ കുഴഞ്ഞു വീണും തളർന്നും ദുരിതക്കാഴ്ചയാണ് ട്രെയിനുകളിൽ കാണാനാകുന്നത്.
മംഗളൂരു- നാഗർകോവിൽ പരശുറാം എക്സ്പ്രസിലെ തിരക്ക് പരിഹരിക്കാൻ സൗകര്യമൊരുക്കുമെന്ന് റെയിൽവേ അധികൃതർ മനുഷ്യാവകാശ കമ്മീഷന് നൽകിയ ഉറപ്പുപോലും ഇതുവരെ പാലിച്ചിട്ടില്ല.ഇതെ ട്രെയിനിലെ ജനറൽ കോച്ചിലെ തിക്കിലും തിരക്കിലും പെട്ട് കഴിഞ്ഞ ദിവസം രണ്ട് വിദ്യാർത്ഥിനികൾ തളർന്നു വീണിരുന്നു.കണ്ണൂർ ഷൊർണ്ണൂർ ലൈനിൽ ശ്വാസംമുട്ടിക്കുന്ന തിരക്കുകാരണം ഇരുപതിലേറെ യാത്രക്കാർ ഇതിനകം കുഴഞ്ഞ് വീണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ യഥാർത്ഥ കണക്ക് ഇതിലുമധികമാണ്.
കാലുകുത്താനിടമില്ലാതെ മലബാർ,മംഗളൂരു പാസഞ്ചർ
കണ്ണൂരിൽനിന്ന് മംഗളൂരുവിലേക്ക് രാവിലെ 6.40ന് മലബാർ എക്സ്പ്രസും 6.50ന് കണ്ണൂർ മംഗളൂരു പാസഞ്ചറും 7.40ന് കണ്ണൂർ മംഗളൂരു സ്‌പെഷ്യൽ എക്സ്പ്രസുമാണുള്ളത്. ഈ ട്രെയിനുകളിലെ ജനറൽ കോച്ചിൽ കാലുകുത്താനിടമുണ്ടാവില്ല. കോഴിക്കോട് ഭാഗത്തേക്കുള്ള പരശുറാം എക്സ്പ്രസിലും ഏറനാടിലും എഗ്‌മോറിലും ഇത് തന്നെയാണ് സ്ഥിതി.
വൈകിട്ട് അഞ്ചരയ്ക്ക് കണ്ണൂരിൽ നിന്നു പുറപ്പെടുന്ന എക്സ്പ്രസ് സ്‌പെഷൽ ചെറുവത്തൂർ വരെയുള്ള യാത്രക്കാർക്ക് നേരിയ ആശ്വാസമാണെങ്കിലും അതിനപ്പുറത്തേക്കില്ല. പിന്നെ വരാനുള്ളത് 6.29നുള്ള പരശുറാം എക്സ്പ്രസാണ് .ഇതിലും കാലുകുത്താൻ ഇടമുണ്ടാകാറില്ല. സമാനമായ തിരക്കുമായി 6.40ന് എത്തുന്ന നേത്രാവതി കൂടി പോയാൽ ആ ദിവസം വടക്കോട്ട് ട്രെയിനില്ല. എട്ടുമണിക്കൂർ കാത്താൽ പുലർച്ചെ 2.30നുള്ള ചെന്നൈ -മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് കിട്ടും.
റെയിൽവേയ്ക്ക് ലാഭക്കണ്ണ്
തിരക്കിൽ കുടുങ്ങി ആളുകൾ കുഴഞ്ഞുവീഴുന്ന സാഹചര്യമുണ്ടായിട്ടും അധികൃതർ സ്ലീപ്പർ കോച്ചും എ.സി കോച്ചും വർദ്ധിപ്പിച്ച് ജനറൽ കംമ്പാർട്ട്‌മെന്റുകൾ കുറക്കുകയാണ്. കണ്ണൂരിൽ നിന്ന് മാത്രം ഷൊർണ്ണൂർ ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും ഇരുപതിനായിരത്തിലേറെ പേർ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നുണ്ട് .ഓൺലൈൻ ടിക്കറ്റിന് പുറമേയാണിത്. എ.വി.ടി.എം. കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങുന്ന വലിയൊരു വിഭാഗം വേറെ. ഇത്രയേറെ യാത്രക്കാരുണ്ടായിട്ടും റെയിൽവെ കണ്ണടക്കുകയാണ്. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ഈ നിലപാടിനെതിരെ യോജിച്ച പ്രക്ഷോഭത്തിനുള്ള ആലോചനകൾ തുടങ്ങിയിട്ടുണ്ട്.