
പരിയാരം: 2018 ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ഹൗസ് സർജൻസി ഘട്ടത്തിൽ സ്‌റ്റൈപ്പന്റ് ലഭിക്കാത്തതിന് കാരണം ഭീമമായ ഫീസ് കുടിശ്ശികയാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ.ഫീസടക്കാതെ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് വലിയ ഫീസ് കുടിശിക നിലനിൽക്കുകയാണെന്ന് പ്രിൻസിപ്പൽ ഡോ.പ്രേമലത വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഹൗസ് സർജൻമാർ തെറ്റിദ്ധാരണ പരത്തിയും രോഗികളെയുൾപ്പെടെ ബുദ്ധിമുട്ടിച്ചും അനാവശ്യ സമരത്തിലേക്ക് നീങ്ങിയത് ശരിയായില്ലെന്നും പ്രിൻസിപ്പൽ കുറ്രപ്പെടുത്തി. 2019ലാണ് സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പ് പ്രവേശനം നേടിയവരാണ് സമരരംഗത്തുള്ള വിദ്യാർത്ഥികൾ. ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് അടക്കാൻ തയ്യാറായി അഡ്മിഷൻ എടുത്തവരാണിവരെല്ലാം. സർക്കാർ ഏറ്റെടുക്കും മുമ്പ് പ്രവേശനം നേടിയ ദന്തൽ, നഴ്സിംഗ്, ഫാർമസി, പാരാമെഡിക്കൽ കോഴ്സുകളിലെ വിദ്യാർത്ഥികൾ അന്നത്തെ വ്യവസ്ഥ അനുസരിച്ച് ഫീസ് അടച്ചതാണ്. എന്നാൽ 2018 എം.ബി.ബി.എസ് ബാച്ച് വിദ്യാർത്ഥികൾ പ്രവേശനം ലഭിച്ച് ഒരു വർഷത്തിന് ശേഷം ഫീസ് പുനർനിശ്ചയിക്കണമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിദ്യാർത്ഥികളുടെ വാദം തള്ളി. പ്രവേശന സമയത്ത് അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് അടയ്ക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതെ തുടർന്ന് വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഇതുവരെ അന്തിമ വിധിയായിട്ടില്ല.
ഫീസടയ്ക്കാതെ പഠിക്കുന്നത് നീതിയുക്തമല്ലെന്നിരിക്കെയും 2018 ബാച്ച് വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസ്. കോഴ്സിൽ പഠനം സുഗമമായി നടത്തുന്നതിനും പരീക്ഷയും എഴുതുന്നതിനും അവസരം നൽകിയിട്ടുണ്ട്. പരീക്ഷ പാസായവർക്കെല്ലാം ഇന്റേൺഷിപ്പ് കാലതാമസം കൂടാതെ ആരംഭിക്കുന്നതിന് അനുവാദവും നൽകി. ഫീസ് തുകയിൽ നിന്നും തനത് കരുതൽധനവും ഉപയോഗിച്ചാണ് വിദ്യാർത്ഥികളുടെ സ്‌റ്റൈപ്പന്റ് അനുവദിച്ചിരുന്നത്. ഫീസടക്കാത്തതിനാൽ തനത് അക്കൗണ്ടിൽ തുകയില്ലാത്തതിനാലാണ് സ്‌റ്റൈപ്പന്റ് നൽകാൻ സാധിക്കാത്തത്. മറ്റ് ഹെഡ് ഓഫ് അക്കൗണ്ട് വഴി സ്‌റ്റൈപ്പന്റ് വിതരണം ചെയ്യാൻ സാധിക്കുമോയെന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.