online

കണ്ണൂർ: ഓൺലൈൻ വിദ്യാഭ്യാസ രംഗം മികച്ച രീതിയിൽ മുന്നേറുമ്പോൾ ആ മേഖലയിലെ തട്ടിപ്പും വ്യാപകമാകുന്നു. ഫീസിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തും,​ നിശ്ചിത സമയത്തിനകം കോഴ്സിൽ നിന്ന് പിന്മാറിയാൽ അടച്ച തുക തിരികെ തരാമെന്നും പറഞ്ഞാണ് തട്ടിപ്പ്. പ്രമുഖ സ്ഥാപനമായ ബൈജൂസിൽ മകന് മെഡിസിൻ എൻട്രൻസ് അഡ്മിഷനെടുത്ത കൊറ്റാളി സ്വദേശി ജോഷിക്ക് ഇത്തരത്തിൽ പണം നഷ്ടമായി.

സ്ഥാപനം നടത്തുന്ന സൗജന്യ പരീക്ഷയിൽ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടാൽ 1,​20,000 രൂപയുടെ കോഴ്സ് 90,000 രൂപയ്ക്ക് ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞ് ഫോൺ വന്നു. പരീക്ഷ എഴുതിയപ്പോൾ കുട്ടി മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 16 പേരിൽ ഒരാളാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ആദ്യ ഗഡു 15,000 രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയും കോഴ്സിൽ നിന്ന് പിന്മാറണമെന്നുണ്ടെങ്കിൽ 20 ദിവസത്തിനകം അറിയിച്ചാൽ തുക തിരികെ ലഭിക്കുമെന്നും പറഞ്ഞു. അതിനിടിയൽ കോഴ്സിന്റെ ബാക്കി തുക ഓരോ മാസവും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്ക് ആയി ഡെബിറ്റ് ആകാനുള്ള കാര്യങ്ങളും ചെയ്തു. എന്നാൽ പെട്ടെന്ന് ആരോഗ്യപ്രശ്നം വന്ന ജോഷി ആശുപത്രിയിൽ അഡ്മിറ്റ് ആയി. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ കോച്ചിംഗിന് ചേർന്ന് 15 ദിവസത്തിനകം തന്നെ പിന്മാറുന്നുവെന്ന് സ്ഥാപനത്തെ അറിയിച്ചു.

എന്നാൽ പണം തിരികെ ലഭിച്ചില്ല. മാത്രമല്ല തൊട്ടടുത്ത മാസം ഇൻസ്റ്റാൾമെന്റ് തുകയായി 7,800 രൂപ ബാങ്കിൽ നിന്ന് ഓട്ടോമാറ്റിക് ആയി ട്യൂഷൻ ഫീസിനത്തിൽ സ്ഥാപനം ഈടാക്കുകയും ചെയ്തു. പിന്നീട് ബാങ്കിൽ ബന്ധപ്പെട്ടാണ് തുടർന്നുള്ള ഇടപാടുകൾ റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചത്. ആറ് മാസം മുൻപ് നടന്ന സംഭവത്തിന്റെ പേരിൽ പല തവണ സ്ഥാപനത്തെ ബന്ധപ്പെട്ട് പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കിട്ടിയില്ലെന്ന് ജോഷി പറഞ്ഞു.

മെറിറ്റ് ലിസ്റ്റിലെന്ന് പറഞ്ഞ് വീഴ്‌ത്തും

എൻട്രൻസ് പരീക്ഷകൾ എഴുതുന്ന മുഴുവൻ കുട്ടികളേയും മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് അവരുടെ മാതാപിതാക്കളെ വലയിൽ വീഴ്ത്തുകയാണ് ഇത്തരം സ്ഥാപനങ്ങൾ ചെയ്യുന്നത്. അങ്ങനെ തിരഞ്ഞെടുത്ത വളരെ ചുരുക്കം കുട്ടികളിൽ ഒരാളാണ് നിങ്ങളുടെ കുട്ടി എന്ന് മാതാപിതാക്കളോട് പറയുകയും കടം വാങ്ങി പോലും കുട്ടികളെ കോഴ്സിന് ചേർക്കാൻ നിർബന്ധിക്കുകയും ചെയ്യും. കോഴ്സിന് ചേർന്നതിന് ശേഷം കുട്ടിക്ക് താത്പര്യമില്ലെന്ന് തോന്നുകയാണെങ്കിൽ നിശ്ചിത ദിവസത്തിനുള്ളിൽ പറഞ്ഞാൽ അടച്ച പണം തിരികെ തരാമെന്നും പറഞ്ഞ് വിശ്വാസ്യത ആർജിക്കും. എന്നാൽ പണം തിരികെ കിട്ടാറില്ല.

ആശുപത്രി പ്രശ്നം വന്നപ്പോഴാണ് കോഴ്സിൽ നിന്ന് പിന്മാറാമെന്ന് തീരുമാനിച്ചത്. അത് അറിയിച്ചതിന് ശേഷവും പണം നഷ്ടമായി. നിരവധി തവണ ബന്ധപ്പെട്ടിട്ടും അടച്ച തുക തിരികെ ലഭിച്ചില്ല.

ജോഷി- പണം നഷ്ടപ്പെട്ടയാൾ