ima
കണ്ണൂരിൽ നടന്ന പ്രമേഹരോഗ ചികിത്സകരുടെ സംസ്ഥാന സംഗമത്തിൽ പ്രമേഹ ചികിത്സാ രംഗത്തെ ഡിജിറ്റൽ സാധ്യതകൾ എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ പ്രമേഹരോഗ ഗവേഷകൻ ഡോ ജ്യോതിദേവ് കേശവദേവ് പ്രബന്ധമവതരിപ്പിക്കുന്നു.

കണ്ണൂർ: ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബാല്യകാലത്തു തന്നെയുള്ള വിദ്യാഭ്യാസം പ്രമേഹരോഗത്തെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് റിസർച്ച് സൊസൈറ്റി ഫോർ ഡയബറ്റിസ് ഇൻ ഇന്ത്യ കേരള ചാപ്റ്ററും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫിസിഷ്യൻ ക്ലബ്ബും സംയുക്തമായി കണ്ണൂരിൽ സംഘടിപ്പിച്ച പ്രമേഹരോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു.

അശാസ്ത്രീയമായ ചികിത്സ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയവയ്ക്കുള്ള പ്രധാനകാരണം അനിയന്ത്രിതമായ പ്രമേഹരോഗമാണ്. അടുത്ത പത്തു വർഷത്തിനുള്ളിൽ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തു ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യമായി മാറും എന്ന് കണക്കാക്കുന്നു. നിർമ്മിത ബുദ്ധിയും ഇന്റർനെറ്റ്‌ നിയന്ത്രിത രോഗ നിയന്ത്രണ സംവിധാനങ്ങളും വരുംകാലങ്ങളിൽ ചികിത്സയിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് തിരുവന്തപുരം ജ്യോതി ദേവ് കേശവദേവ് ഡയബേറ്റിക് ഗവേഷണ മേധാവി ഡോ. ജ്യോതി ദേവ് കേശവദേവ് പ്രബന്ധമവതരിപ്പിച്ചുകൊണ്ടു പറഞ്ഞു.

പ്രമേഹത്തിന്റെ വക ഭേദങ്ങളെ പറ്റി മദ്രാസ് ഡയബേറ്റിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണൻ, ഡോ. അജിത് കുമാർ ശിവശങ്കരൻ, പ്രമേഹ നിയന്ത്രണത്തെ പറ്റി ഡോ. പി. സുരേഷ് കുമാർ, ഡോ. പ്രശാന്ത് ശങ്കർ, പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. ബാലകൃഷ്ണൻ വള്ളിയോട്, ഡോ. ബോബി കെ. മാത്യു (യു.എ.ഇ), ഹൃദ്രോഗ ചികിത്സയെ പറ്റി കാർഡിയോളജിസ്റ്റ് ഡോ. അനിൽ കുമാർ, നൂതന ഇൻസുലിനെ പറ്റി ഡോ. പ്രശാന്ത് മാപ്പാ എന്നിവരും പ്രബന്ധം അവതരിപ്പിച്ചു.

ഡോ. അർജുൻ, ഡോ. ബാലകൃഷ്ണ പൊതുവാൾ, ഡോ. മൊയ്തു, ഡോ. ഷബീർ, ഡോ. നിർമൽ രാജ്, മീഡിയ കൺവീനർ ഡോ. സുൽഫിക്കർ അലി എന്നിവർ നേതൃത്വം നൽകി. കേരളത്തിന്‌ അകത്തും പുറത്തുനിന്നുമായി 200 പേർ പങ്കെടുത്തു.