തൃക്കരിപ്പൂർ: കനത്ത മഴയെയും ഇടിമിന്നലിനെയും തുടർന്ന് ഖാദി ബോർഡിന്റെ നിർമ്മാണ യൂണിറ്റിൽ വൻ തീപ്പിടുത്തം. ഇളമ്പച്ചിയിൽ പ്രവർത്തിക്കുന്ന കിടക്ക നിർമ്മാണ യൂണിറ്റാണ് പൂർണ്ണമായും അഗ്നിക്കിരയായത്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതായാണ് പ്രാഥമിക വിലയിരുത്തൽ.
ഞായറാഴ്‌ച പുലർച്ചെ 12.30നാണ് സംഭവം നടന്നത്. രാത്രിയിൽ പെയ്‌ത കനത്ത മഴയിലും ഇടിമിന്നലിനെയും തുടർന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൃക്കരിപ്പൂർ അഗ്‌നിശമന നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ എൻ. കുര്യാക്കോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗണേശൻ കിണറ്റുംകര എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. തീ നിയന്ത്രിക്കാൻ കഴിയാതെ വന്നു. പിന്നീട് പയ്യന്നൂർ അഗ്‌നിശമന നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ശ്രീനിവാസന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും സ്ഥലത്തെത്തി. മൂന്നു മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കിടക്ക നിർമ്മാണത്തിനാവശ്യമായ പഞ്ഞിയും മറ്റ് അനുബന്ധ സാമഗ്രികളും സൂക്ഷിച്ച മേൽപ്പുര ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. നിർമ്മാണ യൂണിറ്റിൽ നിന്നും സ്റ്റോക്ക് റൂമിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. നൂറുകണക്കിന് കിടക്കകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. .