കാസർകോട്: മഹിളാ ശക്തിയാണ് രാഷ്ട്രശക്തിയെന്നും രാജ്യത്തെ വരും തലമുറയുടെ ഭാവിയും പുരോഗതിയും സ്ത്രീകളുടെ കൈകളിലാണെന്നും കേന്ദ്ര കൃഷിക്ഷേമ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലാജെ പറഞ്ഞു. മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ കാസർകോട് വിദ്യാനഗർ ചിന്മയ തേജസ്സിൽ നടന്ന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എക്കാലത്തും രാഷ്ട്രത്തിന്റെ ശക്തി വിലയിരുത്തുന്ന സമയത്ത് ഏറ്റവും വലിയ തോതിൽ സ്ത്രീ ശക്തിയുടെ സംഭാവനകൾ കാണാവുന്നതാണ്. സ്ത്രീകൾ ഏത് രംഗത്ത് പ്രവർത്തിച്ചാലും അതിൽ ഒന്നാമതാവണമെന്ന ദൃഢനിശ്ചയം എടുത്താൽ നമ്മുടെ രാജ്യവും കൂടുതൽ കരുത്താർജ്ജിക്കും. ചരിത്രം വിശകലനം ചെയ്യുമ്പോൾ രാഷ്ട്രം ദുരിതം നേരിടുന്ന സമയത്ത് അതിനു പരിഹാരം തേടുവാൻ ഭാരതീയ സ്ത്രീകൾ എന്നും സന്നദ്ധരായിരുന്നു. വൈദേശിക ശക്തികളെ ചെറുക്കുന്ന സമയത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ആത്മ നിർഭർ ഭാരതത്തെ എടുത്താലും കായിക, സംസ്‌കാരിക മൂല്യങ്ങൾക്ക് ശോഭ പകർന്നതിലും സ്ത്രീ സാന്നിധ്യം ദൃശ്യമാകും. അതുകൊണ്ടാണ് നമ്മുടെ പൂർവ്വികർ പ്രകൃതിയെ സ്ത്രീയുടെ രൂപത്തിൽ കാണുന്നത്. സ്ത്രീകൾ അവരുടെ കടമകളും ചുമതലകളും കൃത്യമായി നിറവേറ്റിയാൽ അടുത്ത 25 വർഷത്തിനുള്ളിൽ ഭാരതം ലോകരാഷ്ട്രങ്ങൾക്ക് മുമ്പിൽ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുമെന്നും ശോഭാ കരന്തലാജെ പറഞ്ഞു.
കാസർകോട് ചിന്മയമിഷനിലെ ബ്രഹ്മചാരിണി റോജിഷ അദ്ധ്യക്ഷയായി. ജില്ലാ സംയോജക സരിതാ ദിനേഷ് സ്വാഗതവും സഹ സംയോജക ഗീതാബാബുരാജ് നന്ദിയും പറഞ്ഞു. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച സ്ത്രീകളെ അനുമോദിച്ചു. നിരവധി വിഷയങ്ങളെ കുറിച്ച് പ്രഭാഷണവുമുണ്ടായി.