കാസർകോട്: ദേശീയ സാക്ഷരതാ പദ്ധതിയായ ഉല്ലാസിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയ്ക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിൽ 364 കേന്ദ്രങ്ങളിലാണ് മികവുത്സവം നടക്കുന്നത്.
മധൂർ പഞ്ചായത്തിലെ പന്നിപ്പാറ അങ്കണവാടിയിൽ 20 വർഷമായി ഇവിടെ സ്ഥിരമായി താമസിക്കുന്ന ആസാം സ്വദേശിനി ലളിതാ ബാരാളിയും പരീക്ഷയെഴുതാൻ ആവേശത്തോടെ എത്തി. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മുളിയാർ ഗ്രാമപഞ്ചായത്തിലെ വടക്കേക്കര സാമൂഹ്യ പഠനകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുതിർന്ന സാക്ഷരതാ പഠിതാവായ 78 കാരി സാവിത്രിക്ക് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി.എൻ ബാബു മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. മോഹനൻ, കെ.പി മുരളീധരൻ, നോഡൽ പ്രേരക് തങ്കമണി, പഞ്ചായത്ത് പ്രേരക് വി. പുഷ്പലത, സന്നദ്ധ അദ്ധ്യാപിക അശ്വിനി എന്നിവർ സംസാരിച്ചു.
കണ്ണൂരിൽ 6260 പേർ പരീക്ഷ എഴുതി
കണ്ണൂർ ജില്ലയിൽ 6260 പേരാണ് മികവുത്സവം സാക്ഷരതാ പരീക്ഷ എഴുതിയത്. 420 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ പഠിതാക്കൾ ആവേശത്തോടെ പങ്കെടുത്തു. ജനപ്രതിനിധികൾ, റിസോഴ്സ് പേഴ്സന്മാർ, പ്രേരക്മാർ, ഇൻസ്ട്രക്ടർമാർ തുടങ്ങിയവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. സ്‌കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, വിദ്യാകേന്ദ്രങ്ങൾ, വായനശാലകൾ, വീടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരീക്ഷ നടന്നത്.
പരീക്ഷ എഴുതിയവരിൽ 6240 സ്ത്രീകളും 340 പുരുഷന്മാരുമാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 952 പേരും പട്ടിക പട്ടികജാതി വിഭാഗത്തിൽപ്പെട്ട 291 പേരും പരീക്ഷ എഴുതി. അഴീക്കോട് ഗ്രാമപഞ്ചായത്തിലെ 86 വയസ്സുള്ള പ്രേമജയാണ് പ്രായം കൂടിയ പഠിതാവ്.