ആലക്കോട്: പ്രാദേശികമായി കൃഷി യോഗ്യമായ ഭൂമി ഉപയോഗിച്ചുകൊണ്ട് സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരായ സ്ത്രീകൾക്ക് വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ബാങ്കുകൾ വഴി നടപ്പിലാക്കുന്ന ജോയന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെ.എൽ.ജി) സംഘക്കൃഷി വായ്പകളിലും ഇടനിലക്കാർ കൈയിട്ടു വാരുന്നതായി ആക്ഷേപം ഉയരുന്നു.
സ്വന്തമായി കൃഷിഭൂമി ഇല്ലാത്തവരും ബാങ്കുകളുടെ നടപടി ക്രമങ്ങളുടെ കുരുക്കുകളിൽ നിന്നും രക്ഷപ്പെടണമെന്നാഗ്രഹിക്കുന്നവരുമായ സാധാരണക്കാരായ സ്ത്രീകളുടെ നിസ്സഹായത മുതലെടുത്തു കൊണ്ട് ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിവിധ ഗ്രൂപ്പുകൾ വഴിയാണ് തട്ടിപ്പ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് പറയുന്നത്. നാലു മുതൽ 10 വരെ അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഗ്രൂപ്പുകൾ ജെ.എൽ.ജി. ലോണുകൾ തരപ്പെടുത്തുന്നതിന് കുടുംബശ്രീ വാർഡ് തല സി.ഡി.എസ്.അംഗവുമായോ പഞ്ചായത്ത് സി.ഡി.എസ് ഓഫീസുമായോ ബന്ധപ്പെട്ട് വേണം നടപടിക്രമങ്ങൾ നടത്തേണ്ടത്. ബാങ്ക് ലിങ്കേജ് ഉള്ള ഗ്രൂപ്പുകൾക്ക് മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ. അംഗങ്ങളുടെ സിബിൽ സ്‌കോറും നോക്കും എന്നതിനാൽ ബാങ്കുകളിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ വായ്പാ കുടിശ്ശിക വന്നിട്ടുള്ളവർക്ക് ഈ സ്‌കീമിൽ ലോൺ കിട്ടാൻ സാദ്ധ്യത കുറവാണ്.
ഇത്തരം സാഹചര്യം മുതലെടുത്തുകൊണ്ടാണ് ഇടനിലക്കാർ രംഗപ്രവേശം ചെയ്യുന്നത്.1500 മുതൽ 3000 രൂപ വരെ ഓരോ അംഗങ്ങളിൽ നിന്നും ഇവർ കമ്മീഷനായി വാങ്ങി വായ്പാതുക വാങ്ങിത്തരാമെന്ന വാഗ്ദാനം നല്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ഇടനിലക്കാരുടെ കെണിയിൽ പെട്ടിരിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ബാങ്കുകൾ കയറിയിറങ്ങുകയോ വിവിധ രേഖകൾ സംഘടിപ്പിക്കുകയോ വേണ്ടി വരില്ല എന്ന ഉറപ്പിലാണ് ഈ തട്ടിപ്പ് നടന്നുവരുന്നത്. എന്നാൽ പണം നൽകി മാസങ്ങൾ പലതു കഴിഞ്ഞിട്ടും ലോൺ കിട്ടാതെ വരുന്ന സാഹചര്യത്തിൽ കൊടുത്ത പണം തിരികെ വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ പണം തിരിച്ചു കിട്ടിയാലും ഇവരിൽ നിന്ന് വാങ്ങിവച്ച സ്റ്റാമ്പ് പേപ്പറുകൾ, ചെക്ക് ലീഫുകൾ തുടങ്ങിയവയൊന്നും തിരിച്ചു കിട്ടാത്ത അവസ്ഥയുമുണ്ട്. നാണക്കേട് കൊണ്ടാണ് പരാതി നൽകാത്തത് എന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്.

വായ്പ ആവശ്യമുള്ള ഗ്രൂപ്പുകൾ സി.ഡി.എസ്.മുഖാന്തരമോ, ഗവ. അഫിലിയേറ്റഡ് എൻ.ജി.ഒ. വഴിയോ ആണ് അപേക്ഷ നൽകേണ്ടത്. ഇതിനായി ഇടനിലക്കാരെ നിയോഗിച്ചിട്ടില്ല. ആരെങ്കിലും ഇക്കാര്യത്തിൽ പരാതി എഴുതി നൽകുകയാണെങ്കിൽ നടപടിയെടുക്കും.

കനറാ ബാങ്ക് ആലക്കോട് ബ്രാഞ്ച് മാനേജർ ജെയ്നി