
കണ്ണൂർ: അഴീക്കോട് മണ്ഡലം സമഗ്ര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെയും ചാൽ ബീച്ച് ടൂറിസം പദ്ധതിയുടെയും വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറായി. പുല്ലുപ്പിക്കടവ് ടൂറിസം ഒന്നാംഘട്ടം നേരത്തെ 4.01 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയിരുന്നു. ഫ്ളോട്ടിംഗ് ടർഫ്,ഓപ്പൺ തിയേറ്റർ,ഫ്ളോട്ടിംഗ് ബ്രിഡ്ജ് എന്നിവയടക്കമാണ്
രണ്ടാംഘട്ടത്തിൽ ഒരുക്കുന്നത്.
ഡി.പി.ആർ തയ്യാറാക്കുന്നതിന്റെ ഭാഗമായി കെ.വി.സുമേഷ് എം.എൽ.എ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.
ഒന്നാം ഘട്ടത്തിൽ ഇങ്ങനെ
നാറാത്ത് പഞ്ചായത്തിൽ കാട്ടാമ്പള്ളിക്കടവു മുതൽ മുണ്ടേരി പഞ്ചായത്ത് വരെ നീളുന്ന ഭാഗത്താണ് പുല്ലൂപ്പിക്കടവ് പദ്ധതി. വെള്ളത്തിനു മുകളിലൊരുക്കുന്ന ഭക്ഷണശാലയാണ് (ഫ്‌ളോട്ടിംഗ് ഡൈനിംഗ്) പ്രധാന ആകർഷണം. ബോട്ടുകൾ, നാടൻവള്ളം, കയാക്കിംഗ് എന്നിവ ഉപയോഗിച്ച് ഫ്ളോട്ടിംഗ് ഡൈനിംഗിൽ എത്താം. മീൻവിൽപനശാലകളും മലബാറിന്റെ തനതു രുചികൾ പരിചയപ്പെടുത്തുന്ന കിയോസ്‌കുകളും നടപ്പാതയും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പുഴയുടെ മനോഹാരിത കാണാനും ആസ്വദിക്കാനും നടപ്പാതയോടൊപ്പം രണ്ട് ഡക്കും ബോട്ടുകളിൽ കയറാനും ഇറങ്ങാനും ഡോക്ക് ഏരിയയുമുണ്ട്. ബോട്ട് ജെട്ടി മാതൃകയിലാണ് ഡോക്കുകൾ ഒരുക്കിയിരിക്കുന്നത്. ടൂറിസം പാർക്ക് എന്ന നിലയിൽ ലാൻഡ് സ്‌കേപ്പിംഗ്, ഗാർഡനിംഗ്, വൈദ്യുതി ദീപാലങ്കാരം എന്നിവയും സജ്ജീകരിച്ചു. പാലത്തിന് ഇരുവശവും ചിത്രപ്പണികളോടു കൂടിയ വിളക്ക് കാലുകൾ, കയാക്കിംഗ് ഉൾപ്പെടെയുള്ള വാട്ടർ സ്‌പോർട്‌സ് ആക്ടിവിറ്റികൾ, സൈക്ലിംഗ് പാത തുടങ്ങിയവ ഈ പ്രദേശത്തെ ആകർഷകമാക്കുന്നു. ഒറ്റ വർഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
രണ്ടാം ഘട്ടത്തിൽ ഇവ
ഫ്ളോട്ടിംഗ് ടർഫ്,
ഓപ്പൺ തിയേറ്റർ,
ഫ്ളോട്ടിംഗ് ബ്രിഡ്ജ്
ചാൽ ബീച്ചിനെ ലോകമറിയും
അഴീക്കോട് ചാൽ ബീച്ചിൽ അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് സർട്ടിഫിക്കേഷൻ അനുസരിച്ചുള്ള പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായ ചാൽ ബീച്ച് പദ്ധതി യാഥാർദ്ധ്യമാകുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറും. പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള നടപ്പാത, മുളങ്കാടുകൾ, ഹരിത വേലികൾ തുടങ്ങിയവ ഇവിടെ ഒരുക്കും.