കാസർകോട്: ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം സർക്കാരിന്റെ ഗുരുതര കൃത്യവിലോപമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ശബരിമലയിലെ പ്രശ്നം പഠിക്കാൻ യു.ഡി.എഫ് പ്രതിനിധി സംഘം ഇന്ന് പമ്പ സന്ദർശിക്കും. മണ്ഡലകാലത്ത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരന്തരമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്ന പതിവുണ്ടായിരുന്നു. പരിചയസമ്പന്നരായ പൊലീസുകാരെ ശബരിമലയിൽ നിയോഗിച്ചില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. പരാതി പരിഹരിക്കാൻ ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല. ഭക്തരുടെ പരാതികൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ പമ്പയിലേക്കയച്ച് അടിയന്തരമായി അവലോകനയോഗം ചേർന്ന് സൗകര്യങ്ങളൊരുക്കാൻ സർക്കാർ തയ്യാറാകണം. എൻഡോസൾഫാൻ ബാധിത മേഖലയിൽ മെഡിക്കൽ പരിശോധന നടത്തി പുതിയ രോഗികളുണ്ടെങ്കിൽ അവർക്ക് കൂടി ആനുകൂല്യങ്ങൾ നൽകണം. ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ സമരം സംഘടിപ്പിക്കുമെന്നും സതീശൻ അറിയിച്ചു.