നീലേശ്വരം: ഡോക്ടർമാർ ഇല്ലാത്തതിനെ തുടർന്ന് നീലേശ്വരം നഗരസഭയിലെ രണ്ട് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. മൂന്നുമാസം മുമ്പ് പ്രവർത്തനം തുടങ്ങിയ ചിറപ്പുറത്തെയും പ്രവർത്തന സജ്ജമായ പടിഞ്ഞാറ്റം കൊഴുവലിലേയും നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റേയും പ്രവർത്തനങ്ങളാണ് ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായത്.

കഴിഞ്ഞ സെപ്തംബർ 18 നാണ് ചിറപ്പുറം ആലിൻങ്കീഴിലെ നഗര ജനകീയാരോഗ്യ കേന്ദ്രം ജില്ലാ കളക്ടർ ഇമ്പ ശേഖർ ഉദ്ഘാടനം ചെയ്തത്. ദിവസേന അറുപതിനും 90 നും ഇടയിൽ രോഗികൾ വന്നുകൊണ്ടിരുന്ന ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാതായതോടെ രോഗികൾ ദുരിതത്തിലായി. ഇവിടെ ഉണ്ടായിരുന്ന ഡോക്ടർ ഉപരി പഠനത്തിന് പോയതോടെയാണ് ഡോക്ടറുടെ ഒഴിവു വന്നത്.

ഡോക്ടറൊഴികെ നഴ്‌സ്, ഫാർമിസിസ്റ്റ്, ശുചീകരണതൊഴിലാളി, പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നിവരൊക്കെയും ആവശ്യമായ മരുന്നും ഇവിടെയുണ്ട്. അതിനാൽ രോഗികൾക്ക് ആശ്വാസമായ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ ഉടൻ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പടിഞ്ഞാറ്റംകൊഴുവലിൽ ഉദ്ഘാടനത്തിനായി ഒരുങ്ങിയ നഗര ജനകീയ ആരോഗ്യകേന്ദ്രത്തിലും മറ്റെല്ലാ സൗകര്യവും ഉണ്ടെങ്കിലും ഡോക്ടറെ കിട്ടാത്തതാണ് തുറക്കാൻ തടസമായത്. ഇരു ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഡോക്ടറെ നിയമിക്കാൻ പലവട്ടം അപേക്ഷ ക്ഷണിച്ചെങ്കിലും ഇന്റർവ്യൂവിന് ആരും എത്തിയില്ലെന്ന് നീലേശ്വരം നഗരസഭ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ടി.പി.ലത പറഞ്ഞു.